ഭാര്യയോട് പ്രേമം, മാനേജരെ ടെക്കി കൊന്നു
ബാംഗ്ലൂര്‍: മാനേജരുടെ ഭാര്യയെ സ്വന്തമാക്കാന്‍ വേണ്ടി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മാനേജരെ കൊന്നു. ഐ ടി നഗരമെന്ന് പേരുകേട്ട ബാംഗ്ലൂരിലാണ് സംഭവം. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി മാനേജരായ സൗരഭ് റസ്‌തോഗിയാണ് കൊല്ലപ്പെട്ടത്. റിഷ്വിന്‍ എന്ന ഇരുപത്തഞ്ചുകാരനാണ് സൗരഭിനെ കൊലപ്പെടുത്തിയത്.
എച്ച് എസ് ആര്‍ ലേ ഔട്ടിലെ സണ്‍ സിറ്റി ഫ്‌ലാറ്റിലാണ് സൗരഭ് റസ്‌തോഗി താമസിക്കുന്നത്. ഈ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു കൊലപാതകം. വയറ്റിലും കഴുത്തിലുമായി ആറ് തവണയാണ് റിഷ്വിന്‍ റസ്‌തോഗിയെ കുത്തിയത്. സൗരഭ് റസ്‌തോഗിയുടെ ഭാര്യ പുനെയില്‍ പോയ തക്കം നോക്കിയായിരുന്നു സംഭവം. റിഷ്വിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

സൗരഭ് റസ്‌തോഗിയുടെ ഭാര്യ അങ്കിഷയെ റിഷ്വിന് ഇഷ്ടമായിരുന്നത്രെ. സൗരഭ് അങ്കിഷയെയും കൊണ്ട അമേരിക്കയിലേക്ക് താമസം മാറുന്നു എന്ന വാര്‍ത്തയാണ് റിഷ്വിനെ കൊണ്ട് തിടുക്കത്തില്‍ ഈ കടുംകൈ ചെയ്യിച്ചത്. സൗരഭിനെ കൊന്നാല്‍ അങ്കിഷയെ തനിക്ക് കിട്ടും എന്ന കണക്കുകൂട്ടലിലായിരുന്നു ഇയാള്‍. സൗരഭ് റസ്‌തോഗിയെ കൊലപ്പെടുത്തിയ ശേഷം റിഷ്വിന്‍ രക്ഷപ്പെടുകയായിരുന്നു.
സൗരഭ് റസ്‌തോഗിയുടെയും അങ്കിഷയുടെയും മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് റിഷ്വിനെ വലയിലാക്കിയത്. സംശയം തോന്നി പോലീസ് റിഷ്വിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഏറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവര്‍ മൂവരും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications