ഐപിഎല്‍ താരലേലം; ഇര്‍ഫാന്‍ പഠാനെയും മുനാഫിനെയും ആര്‍ക്കും വേണ്ട
ബെംഗളൂരു: ഒരുകാലത്ത് ഇന്ത്യന്‍ ദേശീയ ടീമിന്റെ കുന്തമുനകളായിരുന്ന ബൗളര്‍മാരായ ഇര്‍ഫാന്‍ പഠാനെയും മുനാഫ് പട്ടേലിനേയും ഐപിഎല്‍ താരലേലത്തില്‍ ആരും ഏറ്റെടുത്തില്ല. ആദ്യഘട്ടത്തില്‍ സഹീര്‍ഖാനെയും ആരും വാങ്ങാന്‍ തയ്യാറായില്ലെങ്കിലും രണ്ടാംതവണ സഹീറിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ 4 കോടി രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു.
നിര്‍ണായക ഓവറുകളില്‍ മാച്ച് വിന്നര്‍മാരാകുന്ന ഇരു കളിക്കാരെയും ടീമുകള്‍ സ്വന്തമാക്കാന്‍ മടിച്ചത് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും വിദഗ്ധര്‍ക്കിടയിലും അമ്പരപ്പുണ്ടാക്കി. ലേലത്തില്‍ സ്വന്തമാക്കിയില്ലെങ്കിലും ലേലത്തില്‍ കാണിച്ചിരിക്കുന്ന അടിസ്ഥാന വിലയില്‍ ഇളവുവരുത്തി താരങ്ങളെ പിന്നീട് ടീമുകള്‍ക്ക് വാങ്ങാന്‍ അവസരമുള്ളതിനായി ഇര്‍ഫാനും മുനാഫ് ഐപിഎല്ലില്‍ കളിക്കുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അതിനിടെ, കഴിഞ്ഞ തവണ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെങ്കിലും മോശം പ്രകടനം കാഴ്ചവെച്ച യുവരാജ് സിങ് ഇത്തവണ 16 കോടി രൂപ നേടിയത് അത്ഭുതപ്പെടുത്തി. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് താരത്തില്‍ ടീമുകള്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമെങ്കിലും ടി20യില്‍ അദ്ദേഹത്തിന് പഴയ ഫോമിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ശ്രീലങ്കയില്‍ നിന്നുള്ള പല താരങ്ങളെയും ഐപിഎല്‍ ടീമുകള്‍ ലേലം ചെയ്യാന്‍ മടിച്ചു. അതേസമയം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കളിക്കാര്‍ക്ക് പതിവുപോലെ ഡിമാന്റ് വര്‍ദ്ധിച്ചു. ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതോടെ പുതിയ സീസണിലെ ഐപിഎല്‍ മത്സരങ്ങളും ആരംഭിക്കും.












Click it and Unblock the Notifications