ബെംഗളൂരുവില്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 6 പേര്‍ പിടിയില്‍
ബെംഗളൂരു: ഐസ്‌ക്രീം പാര്‍ലറിന് മുന്നില്‍ വെച്ച് അഞ്ച് സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ എം ജി റോഡിലുള്ള ഐസ്‌ക്രീം പാര്‍ലറിലായിരുന്നു സംഭവം. വഴിയാത്രക്കാരനായ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് കുറ്റവാളികളെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്.
ശനിയാഴ്ച രാത്രി 11.50 ഓടെയാണ് ഇന്നോവ കാറില്‍ ഇരിക്കുകയായിരുന്ന സ്ത്രീകളെ ആറംഗ സംഘം ഉപദ്രവിച്ചത്. 22 നും 26 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍ എന്ന് പോലീസ് പറഞ്ഞു. നാഗേഷ്, ഹരീഷ്, ദേവരാജ്, കിരണ്‍, സതീഷ്, സുബ്രമണി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ ട്രാക്ക് ചെയ്താണ് ഇവരെ വലയിലാക്കിയതെന്ന് പോലീസ് പറഞ്ഞു.

കൂട്ടം ചേര്‍ന്ന് മദ്യപിച്ച ശേഷം വണ്ടിയോടിച്ചു വരവേയാണ് ഇവര്‍ എം ജി റോഡില്‍ വെച്ച് സ്ത്രീകളെ ഉപദ്രവിച്ചത്. ഇന്നോവ കാറില്‍ ഇരിക്കുകയായിരുന്ന 27 കാരിയും കൂട്ടുകാരുമാണ് യുവാക്കളുടെ ഉപദ്രവത്തിന് ഇരയായത്. അശ്ലീല കമന്റുകള്‍ പറയുകയും തുറിച്ചുനോക്കുകയും ചെയ്ത ശേഷം യുവാക്കള്‍ കാറിന്റെ വാതില്‍ തുറന്ന് അകത്തുതകയറാനും ശ്രമം നടത്തിയത്രെ.
ഒരുതരത്തില്‍ വാതില്‍ വലിച്ചടച്ച ശേഷം സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ലോക്ക് ചെയ്ത ശേഷം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി സ്ത്രീകള്‍ ആളെക്കൂട്ടുകയായിരുന്നു. ആളുകള്‍ അടുത്തുവരുന്നത് കണ്ട് യുവാക്കള്‍ വണ്ടിയെടുത്ത് രക്ഷപ്പെട്ടു. ബനശങ്കരിയില്‍ വെച്ച് യുവതിയെ കമന്റടിച്ച ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications