ബെംഗളൂരു: ടെക്കിയെ ഓട്ടോയില്‍ പീഡിപ്പിച്ച ശേഷം കൊള്ളടയിച്ചു
ബെംഗളൂരു: ഓടുന്ന ഓട്ടോറിക്ഷയില്‍ ടെക്കിയെ പീഡിപ്പിച്ച ശേഷം പണവും സ്വര്‍ണവും തട്ടിയെടുത്തയായി പരാതി. ബെംഗളൂരുവിലെ ജെ പി നഗറിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് റാഗി ഗുഡ്ഡയില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പീഡനത്തിന് ഇരയായത്.
വിജയ ബാങ്ക് കോളനിയിലുള്ള വീട്ടിലേക്ക് പോകാനാണ് മധുമതി (ശരിക്കുള്ള പേരല്ല) ഓട്ടോയില്‍ കയറിയത്. റാഗി ഗുഡ്ഡയില്‍ നിന്നും 3.5 കിലോമീറ്റര്‍ ദൂരത്താണ് ഇവരുടെ വീട്. വീടിനടുത്തുള്ള ജംഗ്ഷനില്‍ ഇടത്തേക്ക് വണ്ടി തിരിക്കാന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ ഡ്രൈവര്‍ മറ്റൊരു റോഡിലേക്ക് വണ്ടിയെടുക്കുകയായിരുന്നത്രെ. ഓട്ടോ കുറച്ചുദൂരം പോയതും വഴിയില്‍ നിന്നും ഒരാള്‍ കയറി.

ഇയാളാണ് മധുമതിയെ ഉപദ്രവിച്ചത്. സ്വര്‍ണവും പണവും മറ്റും കൊള്ളയടിച്ച ശേഷം ഇയാള്‍ മധുമതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ബെന്നാര്‍ഘട്ട റോഡിലെ ബിലേക്കഹള്ളി ട്രാഫിക് സിഗ്നലില്‍ ആറരയോടെയാണ് ഇത് സംഭവിച്ചത്. 7 മണിയോടെ ഹുളിമാവ് സിഗ്നലില്‍ യുവതിയെ തള്ളിയിട്ട ശേഷം ഓട്ടോ ഡ്രൈവറും കൂട്ടുകാരനും രക്ഷപ്പെടുകയായിരുന്നു.
ഇവിടെ നിന്നും മൈകോ ലേ ഔട്ട് പോലീസ് സ്‌റ്റേഷനിലെത്തി മധുമതി പരാതി നല്‍കുകയായിരുന്നു. കെട്ടുതാലി ഉള്‍പ്പെടെ 70 ഗ്രാം സ്വര്‍ണം, മൊബൈല്‍ ഫോണ്‍, ഐ പാഡ്, പണമടങ്ങിയ ഹാന്‍ഡ് ബാഗ് എന്നിവയാണ് അക്രമികള്‍ തട്ടിയെടുത്തത്. ട്രാഫിക് സിഗ്നലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോഡ്രൈവറെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications