ബൈജൂസിന് ആശ്വാസം; പാപ്പരത്ത നടപടി നിർത്തിവച്ചു, ബിസിസിഐയുമായി ഒത്തുതീർപ്പിലെത്തി
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മൂല്യമേറിയ എഡ് ടെക് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്ന ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസ വാർത്ത. ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ നാഷണൽ കമ്പനി അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) സ്‌പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട പാപ്പരത്ത നടപടികൾ നിർത്തിവച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) 158 കോടി രൂപയുടെ ഒത്തുതീർപ്പിന് അനുമതി നൽകി കൊണ്ടായിരുന്നു എൻസിഎൽഎടിയുടെ തീരുമാനം. പാപ്പരത്ത പരിഹാര നടപടികള്‍ ആരംഭിക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്‌ത് കൊണ്ട് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഫയൽ ചെയ്‌ത അപ്പീല്‍ പരിഗണിച്ചു കൊണ്ടായിരുന്നു ട്രിബ്യൂണൽ നടപടി.

എന്നാൽ നൽകിയിരിക്കുന്ന തീയതികൾക്ക് മുൻപായി ഇടപാട് പൂർത്തിയാക്കി പണം കൈമാറിയില്ലെങ്കിൽ വീണ്ടും പാപ്പരത്ത നടപടികൾ ആരംഭിക്കുമെന്ന വ്യവസ്ഥയിലാണ് ട്രിബ്യൂണൽ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. ബൈജൂസിനെതിരായ യുഎസ് കമ്പനിയുടെ ആരോപണവും ട്രിബ്യൂണൽ തള്ളിക്കളഞ്ഞു. തെളിവുകൾ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നാണ് വിശദീകരണം.
നിലവിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ 158 കോടി രൂപ ബിസിസിഐക്ക് തിരിച്ചു കൊടുക്കേണ്ടി വരും. ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് ജെഴ്‌സി സ്‌പോൺസര്‍ഷിപ് ഇടപാടുമായി ബന്ധപ്പെട്ടതാണ് ഈ കരാർ. അതിൽ നടത്തിയ ലംഘനത്തിലാണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടി വന്നത്.
പിന്നീട് ബിസിസിഐയുടെ അപേക്ഷ കണക്കിലെടുത്ത് കഴിഞ്ഞ മാസം ബൈജൂസിനെതിരെ ട്രിബ്യൂണലിന്റെ ബെംഗളൂരു ബെഞ്ച് പാപ്പരത്ത നടപടി തുടങ്ങുകയായിരുന്നു. കോര്‍പറേറ്റ് വായ്‌പക്കാരില്‍ നിന്നോ ബൈജുവിന്റെ ആല്‍ഫയില്‍ നിന്നോ അല്ല, റിജു രവീന്ദ്രന്‍ സ്വന്തനിലക്കാണ് ഈ പണം നല്‍കുന്നതെന്ന ഉറപ്പ് ട്രിബ്യൂണല്‍ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോയാൽ ബൈജൂസ് പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്ന് സിഇഒ ബൈജു രവീന്ദ്രൻ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ 22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റാർട്ടപ്പായി ബൈജൂസ് മാറിയിരുന്നു. നിലവിൽ രണ്ട് ബില്യൺ ഡോളർ മാത്രമാണ് കമ്പനിയുടെ മൂല്യം.
2011ൽ സ്ഥാപിതമായ ബൈജൂസ് വളരെപ്പെട്ടെന്ന് തന്നെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തരംഗമായി മാറിയ കമ്പനിയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് കമ്പനിയുടെ ബിസിനസ് തഴച്ചു വളർന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് തകർച്ചയുടെ നാളുകളായിരുന്നു കമ്പനിയെ കാത്തിരുന്നത്. ഇപ്പോഴിതാ പാപ്പരത്ത നടപടി വരെ എത്തി നിൽക്കുകയാണ് കമ്പനി.
2023ൽ ഇഡി റെയ്‌ഡിന് പിന്നാലെ ചില നിർണായക രേഖകൾ പിടിച്ചെടുത്തതോടെയാണ് കമ്പനിയുടെ തകർച്ച തുടങ്ങിയത്. നിയമ പോരാട്ടങ്ങളും മറ്റ് വിവാദങ്ങളും നിലനിൽക്കെ കഴിഞ്ഞ മെയ് മാസത്തിൽ ബ്ലാക്ക് റോക്ക് ആദ്യമായി ബൈജൂസിന്റെ മൂല്യം വെട്ടിച്ചുരുക്കി. ഇത് കമ്പനിക്ക് വരുത്തിവച്ച ക്ഷീണം ചില്ലറയായിരുന്നില്ല.
അടുത്തിടെ തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബൈജു രവീന്ദ്രൻ തന്റെ വീടുകൾ പണയം വെച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ മറ്റ് വെല്ലുവികളും കമ്പനിയെ തേടിയെത്തി. അതിലൊന്നായിരുന്നു ബിസിസിഐക്ക് സ്‌പോൺസർഷിപ്പ് കരാറിൽ വരുത്തിയ വൻ തുകയുടെ കുടിശ്ശിക.












Click it and Unblock the Notifications