നിറയെ സ്വര്‍ണം ധരിക്കുന്ന ഗോള്‍ഡ് മാന് കഷ്ടപ്പാടിന്റെ ചരിത്രമുണ്ട്; റോഡില്‍ കിടന്നുറങ്ങിയ തൊഴിലാളി
ആരും അറിയാതെ പോകുമായിരുന്ന ജീവിതം എല്ല് മുറിയെ പണിയെടുത്ത് കെട്ടിപ്പടുത്ത ചരിത്രം ഉയരങ്ങള്‍ കീഴടക്കിയ പലര്‍ക്കും പറയാനുണ്ടാകും. തിളങ്ങി നില്‍ക്കുന്ന എല്ലാവരും സ്വന്തമായി കഷ്ടപ്പെട്ടു തന്നെയാണ് ഇന്നത്തെ നിലയില്‍ എത്തിയത്. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത വിധം പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ നിന്ന് വളര്‍ന്നവര്‍ അപൂര്‍വമാണ്. അത്തരത്തില്‍ പ്രചോദനം ജനിപ്പിക്കുന്ന കഥയാണ് മനോജ് സിങിന്റേത്.
മുംബൈയിലെ തൊഴിലാളിയായി ജീവിച്ച്, റോഡില്‍ കിടന്നുറങ്ങി പതിയെ ഉയരങ്ങള്‍ കെട്ടിപ്പടുത്ത മനോജ് സിങ് ഇന്ന് നഗരത്തിലെ പ്രധാനികളില്‍ ഒരാളാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പണം കൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുക എന്നത് നിസാര കാര്യമല്ല. രസകരമാണ് സിനിമാ കഥ പോലുള്ള മനോജ് സിങിന്റെ ജീവിതം...

ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള കുത്‌ലു ഗ്രാമത്തിലാണ് മനോജ് സിങ് ജനിച്ചത്. സാമ്പത്തികമായി വളരെ പ്രയാസത്തിലുള്ള കുടുംബം. കരകയറണം എന്ന ലക്ഷ്യത്തില്‍ മുംബൈക്ക് വണ്ടി കയറി. നഗരത്തില്‍ ജോലി കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ ചുമട്ടുതൊഴിലാളിയായി ജോലി കിട്ടി. ചരക്കുകള്‍ തോളില്‍ ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ നാണയത്തുട്ടുകള്‍ കിട്ടും.
പലപ്പോഴും മുംബൈ നഗരത്തിലെ തെരുവുകളിലായിരുന്നുവത്രെ അന്തിയുറക്കം. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി കിട്ടിയതോടെയാണ് ജീവിതം മാറിയത്. എത്തിപ്പെട്ട വ്യവസായ മേഖലയെ കുറിച്ച് വിശദമായി പഠിച്ചു. രാത്രിയും പകലുമില്ലാതെ ജോലി ചെയ്തു. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചു. 2010ല്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. മുംബൈക്കും രാജ്‌കോട്ടിനുമിടയില്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന പുതിയ സംരംഭമായിരുന്നു അത്.
പതിയെ കമ്പനി മെച്ചപ്പെട്ടു. ഇന്ന് 100 ലോറികളുള്ള കമ്പനിയാണ് മനോജ് സിങിന്റേത്. 500ലധികം പേര്‍ ജോലി ചെയ്യുന്നു. മഹാരാഷ്ട്രയിലെ പ്രധാന ധനികരില്‍ ഒരാളായി മാറി ഇദ്ദേഹം. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു മേഖലകളിലുമായി ജാര്‍ഖണ്ഡില്‍ നിന്ന് എത്തി ജോലി ചെയ്യുന്ന 15 ലക്ഷത്തോളം പേരുണ്ട്. അവരുടെ ഒരു കൂട്ടായ്മ വേണം എന്ന് മനോജ് സിങ് തീരുമാനിച്ചു. ഈ നീക്കം അദ്ദേഹത്തെ ബിജെപിയില്‍ എത്തിച്ചു.
2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര ബിജെപിയില്‍ ജാര്‍ഖണ്ഡ് സെല്ല് വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ട്ടി അംഗീകരിച്ചു. മനോജ് സിങ് സെല്ലിന്റെ പ്രസിഡന്റുമായി. ജാര്‍ഖണ്ഡുകാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ മുംബൈയില്‍ ഇടയ്ക്കിടെ സംഘടിപ്പിക്കാന്‍ തുടങ്ങി. ജാര്‍ഖണ്ഡ് തന്റെ ജന്മഭൂമിയും മഹാരാഷ്ട്ര കര്‍മ ഭൂമിയുമാണ് എന്നാണ് മനോജ് സിങ് പറയാറുള്ളത്.
സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പൊതുപരിപാടികള്‍ക്കെത്തുന്ന മനോജ് സിങ് മാധ്യമങ്ങളിലെ പതിവ് മുഖമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും. ആഢംബര ജീവിതം എന്ന് പരിഹസിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കഷ്ടപ്പെട്ട് നേടിയെടുത്ത സന്തോഷത്തിന്റെ പ്രകടനം കൂടിയാണ് ഈ ആഢംബരം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ 100ാം ജന്മദിനത്തില്‍ റാഞ്ചിയില്‍ നടന്ന പരിപാടിക്ക് കഴിഞ്ഞ ദിവസം മനോജ് സിങ് എത്തിയതും ആവശ്യത്തിലേറെ സ്വര്‍ണാഭരണം ധരിച്ചായിരുന്നു. ഇന്ന് അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ഒരു പേരുണ്ട്, ഗോള്‍ഡ് മാന്‍!!












Click it and Unblock the Notifications