'സ്വര്‍ണം പണിക്കൂലി ഇല്ലാതെ'; എങ്ങനെ സാധ്യമാകുന്നു... എല്ലാം മിസ്‌ഗൈഡിങ് എന്ന് എംപി അഹമ്മദ്
കോഴിക്കോട്: ഏവരെയും ആകര്‍ഷിക്കുന്ന ലോഹമാണ് സ്വര്‍ണം. ആഘോഷ വേളയില്‍ അലങ്കാരമായും സമ്മാനമായുമെല്ലാം മലയാളി സ്വര്‍ണം ആഭരണമായി വാങ്ങുന്നുണ്ട്. ആഭരണം എന്നതില്‍ ഉപരി അവശ്യഘട്ടത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്നു എന്നതും സ്വര്‍ണത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ അടുത്ത കാലത്തായി പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ നല്‍കുമെന്ന പരസ്യങ്ങള്‍ സജീവമായിട്ടുണ്ട്.
വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ, വലിയ അളവില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ സീറോ പണിക്കൂലിയില്‍ ആഭരണം നല്‍കുമെന്നും പരസ്യങ്ങളുണ്ടാകാറുണ്ട്. ജ്വല്ലറി രംഗത്ത് ഇത് സധ്യമാണോ എന്ന ചോദ്യത്തിന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ചെയര്‍മാന്‍ എംപി അഹമ്മദ് വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. ഒരിക്കലും സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. കാരണങ്ങളും അഹമ്മദ് വിശദീകരിച്ചു...

പണിക്കൂലി ഇല്ലാതെ ആഭരണം വില്‍ക്കാന്‍ സാധിക്കില്ലെന്ന് എംപി അഹമ്മദ് പറഞ്ഞു. അതെല്ലാം വേറെ തരം മാര്‍ക്കറ്റിങ് ആണ്. മിസ്‌ഗൈഡിങ് ആണ്. അത്തരക്കാര്‍ക്ക് പല ഉദ്ദേശങ്ങളും കാണും. അവരെ വിമര്‍ശിക്കല്‍ തന്റെ ജോലിയല്ല. ഏത് ജോലിക്കും കൂലി നല്‍കേണ്ടതില്ലേ, കൂലിയില്ലാതെ ആരും പണി ചെയ്യില്ലെന്നും അഹമ്മദ് പറഞ്ഞു.
എത്ര വലിയ അളവില്‍ കച്ചവടം നടത്തുന്നവരായാലും കൂലിയില്ലാതെ ആഭരണം പണിയാന്‍ സാധിക്കില്ല. എല്ലാത്തിനും അതിന്റേതായ ചെലവുണ്ട്. സ്വര്‍ണത്തിന് ലോകം മൊത്തം ഒരേ ചെലവാണ്. ഒരേ നികുതിയാണ്. നികുതി വെട്ടിക്കുന്നവര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായേക്കാം. ശരിയായ രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പണിക്കൂലി ഇല്ലാതെ ആഭരണം നല്‍കാന്‍ സാധിക്കില്ലെന്നും അഹമ്മദ് പറഞ്ഞു.
സാധാരണ ആഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ മുകളിലേക്ക് പണിക്കൂലിയുണ്ട്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുകയും ചെയ്യും. കേരളത്തിലെ മിക്ക ജ്വല്ലറികളും ഈ രീതിയിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഇതിനിടെയാണ് പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ എന്ന പരസ്യം സജീവമായതും ചില വിവാദങ്ങള്‍ ഉടലെടുത്തതും.
വിറ്റുവരവ് 60000 കോടിയിലേക്ക്
1993ല്‍ കോഴിക്കോട് കേന്ദ്രമായി തുടങ്ങിയതാണ് മലബാര്‍ ഗോര്‍ഡ്. പിന്നീട് കേരളത്തിന് പുറത്തും വിദേശത്തുമായി നിരവധി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളും അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 13 രാജ്യങ്ങളിലായി ബിസിനസ് വിപുലീകരിച്ച എംപി അഹമ്മദ്, ഇനിയും കൂടുതല്‍ വ്യാപാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്.
ജീവനക്കാരില്‍ പലരും മലബാര്‍ ഗോര്‍ഡിന്റെ നിക്ഷേപകര്‍ കൂടിയാണെന്ന് അഹമ്മദ് വിശദീകരിച്ചു. വിപണിയില്‍ മല്‍സരം നല്ലതാണ്. ജ്വല്ലറി രംഗത്തെ മറ്റുള്ളവരുമായി മല്‍സരിച്ച് ജയിക്കുകയാണ് ചെയ്യേണ്ടത്. വരുന്ന മാര്‍ച്ച് ആകുമ്പോഴേക്കും മലബാര്‍ ഗോള്‍ഡിന്റെ വിറ്റുവരവ് 60000 കോടി കടക്കുമെന്നാണ് കരുതുന്നത്. 2027-28 ആകുമ്പോള്‍ ഒരു ലക്ഷം വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും എംപി അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications