ഒരു വർഷം കൊണ്ട് സമ്പാദിച്ചത് 42,213 കോടി..! കോള രാജാവ് രവി ജയ്‌പുരിയ സാമ്രാജ്യം കെട്ടിപ്പടുത്തത് ഇങ്ങനെ...
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ പേരുകളായി നാം കേട്ടിരുന്നത് അംബാനിയും ടാറ്റയും ഒക്കെയായിരുന്നു ഒരുകാലത്ത്. എന്നാൽ ഇന്നത് മാറി, അദാനി ഉൾപ്പെടെയുള്ള പല പ്രമുഖരും ഇവിടേക്ക് കടന്നുവന്നു. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നാം നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഒരു പേരാണ് രവി ജയ്‌പുരിയയുടേത്.
എങ്കിലും ഈ പേര് കേൾക്കാത്തവർ ആയിരിക്കും അധികവും. ആർജെ കോർപ്പറേഷൻ എന്ന കമ്പനിയുടെ സ്ഥാപകനും, ചെയർമാനുമാണ് രവി ജയ്‌പുരിയ. ആർജെ കോർപ്പറേഷൻ എന്ന പേര് ഒരുപക്ഷേ നിങ്ങൾ അത്ര കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഈ കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന മറ്റു രണ്ട് സ്ഥാപനങ്ങൾ പലരും കേട്ടുകാണും, ദേവയാനി ഇന്റർനാഷണലും വരുൺ ബിവറേജസും.

ഇന്ത്യയുടെ കോള രാജാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ വർഷം തന്റെ സാമ്പത്തിലുണ്ടായ കുതിച്ചു ചാട്ടം കൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക അനുസരിച്ച് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്‌തി നിലവിൽ 14.3 ബില്യൺ ഡോളറാണ്. നിലവിൽ ലോക കോടീശ്വര പട്ടികയിൽ 139ആം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ സമ്പത്തിൽ ഈ വർഷം മാത്രം 5.89 ബില്യൺ ഡോളറിന്റെ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അതായത് ഇന്ത്യൻ രൂപ ഏകദേശം 42,231 കോടി..!
ഇത് കേട്ടാൽ അറിയാമല്ലോ അദ്ദേഹം ചില്ലറക്കാരനല്ലെന്ന്. പെപ്‌സികോയുടെ ബോട്ടിലിംഗ് പങ്കാളിയായ ദക്ഷിണാഫ്രിക്കൻ കമ്പനി, ബെവ്കോയെ 1320 കോടി രൂപ നൽകി ഏറ്റെടുത്തതോടെയാണ് വരുൺ ബിവറേജസ് വാർത്തകളിൽ ഇടം നേടുന്നത്. ഈ ഇടപാടിലൂടെ കമ്പനിയുടെ ആകെ ആസ്‌തിയും മൂല്യവും ഗണ്യമായി വർധിപ്പിക്കാനും അവർക്കായി.
ഓഹരി വിപണിയിൽ സജീവമാണ് വരുൺ ബിവറേജസ്. നിലവിൽ കമ്പനിയുടെ ഓഹരികൾ 1241 രൂപ പ്രൈസ് റേഞ്ചിലാണ് വ്യാപാരം നടത്തുന്നത്. ഈ വർഷം മാത്രം ഓഹരികളിൽ 86 ശതമാനത്തിലധികം നേട്ടം സ്വന്തമായി കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വരുൺ ബിവറേജസ് നിക്ഷേപകർക്ക് നൽകിയ നേട്ടം 1006 ശതമാനത്തോളമാണെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല.
അമേരിക്കയിൽ ബിസിനസ് മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1985ലാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ശേഷം അദ്ദേഹം ബോട്ടിലിംഗ് ബിസിനസിൽ പങ്കാളിയായി. 1987ൽ ഒരു പ്ലാന്റിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ കൈകളിലെത്തി. ഈ പ്ലാന്റ് വച്ചാണ് അദ്ദേഹം പെപ്‌സികോയുമായി കരാറിലെത്തിയതും ഇക്കാണുന്ന നേട്ടങ്ങളിലേക്ക് നടന്നടുത്തതും.












Click it and Unblock the Notifications