'എന്റെ പൊന്നേ..'; വിശ്രമം മതിയാക്കി വീണ്ടും കുതിച്ച് സ്വര്‍ണം, ഇന്ന് മാത്രം കൂടിയത് ഇത്ര
സ്വര്‍ണവില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത വിധം കുതിച്ച് കയറുകയാണ്. മാര്‍ച്ച് 29 ന് ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന് 50000 എന്ന മാന്ത്രികസംഖ്യ കടന്നിരുന്നു. അതിന് ശേഷം ഒരിക്കല്‍ പോലും അരലക്ഷത്തില്‍ നിന്ന് താഴേക്ക് സ്വര്‍ണം എത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസത്തോളം സ്വര്‍ണവില അനങ്ങാതെ കിടന്നിരുന്നു. എന്നാല്‍ വിശ്രമം അവസാനിപ്പിച്ച് സ്വര്‍ണത്തിന് പവന് 200 രൂപയാണ് ഇന്നലെ കൂടിയത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും കൂടി. ഇത് പ്രകാരം പവന് 53320, ഗ്രാമിന് 6665 എന്ന നിലയിലായിരുന്നു ഇന്നലെ സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. അതിന്റെ ചുവട് പിടിച്ചാണ് ഇന്നത്തെ വില വിവരവും പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ 53320 രൂപയായിരുന്നു പവന് എങ്കില്‍ ഇന്നത് 53480 ആയി. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടിയതോടെ 6685 രൂപയിലും എത്തി. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ഒരു ഗ്രാം സ്വര്‍ണത്തിന് 10000 രൂപ കൊടുക്കേണ്ടി വരും എന്ന ആശങ്കയിലാണ് സാധാരണക്കാര്‍. സ്വര്‍ണവിലയെ നിര്‍ണയിക്കുന്നത് ഒന്നിലധികം ഘടകങ്ങളാണ്. ഡോളര്‍, അന്താരാഷ്ട്ര സാഹചര്യങ്ങള്‍, എണ്ണവില എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും. അതിനാല്‍ തന്നെ സ്വര്‍ണവില സംബന്ധിച്ച് കൃത്യമായ പ്രവചനം അസാധ്യമാണ്.
എങ്കിലും വലിയൊരു ഇടിവ് സ്വര്‍ണവിലയില്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. മേയ് മാസത്തെ തന്നെ കണക്കെടുക്കുമ്പോള്‍ ഒന്നാം തിയതി രേഖപ്പെടുത്തിയ 52440 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില. കൂടാതെ സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോഡ് വില രേഖപ്പെടുത്തിയതും ഈ മാസം തന്നെയായിരുന്നു. 20-ാം തിയതിയില്‍ ഒരു പവന്‍ സ്വര്‍ണം 55120 രൂപയിലാണ് വിറ്റഴിച്ചത്.
ചരിത്രത്തിലാദ്യമായിട്ടാണ് സ്വര്‍ണത്തിന് ഈ വിലയെത്തുന്നത്. ഈ മാസം പൊതുവെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. മേയ് ഒന്നിന് 52440 ആയിരുന്ന സ്വര്‍ണ വില മേയ് ഏഴ് ആയപ്പോഴേക്കും 53080 ല്‍ എത്തി. പിന്നീടുള്ള രണ്ട് ദിവസം വിലയില്‍ ഇടിവ് നേരിട്ടു. എന്നാല്‍ മേയ് പത്തിന് വില രണ്ട് തവണ വര്‍ധിച്ചാണ് ഈ ക്ഷീണം സ്വര്‍ണം മാറ്റിയത്. മേയ് പത്തിന് രാവിലെ 80 രൂപ കൂടി 53600 ലും വൈകീട്ട് 440 രൂപ കൂടി 54040 ലും എത്തി.
അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. പിന്നീട് മേയ് 19 വരെ കൂടിയും കുറഞ്ഞും കളിച്ച സ്വര്‍ണം 20-ാം തിയതിയാണ് എല്ലാവരേയും ഞെട്ടിച്ചത്. ഒറ്റയടിക്ക് 400 രൂപ കൂടി 55120 എന്ന മാന്ത്രികസംഖ്യ തൊട്ടത് എന്നായിരുന്നു. ഏതായാലും കേരളത്തില്‍ മഴ എത്തിയതോടെ വിവാഹങ്ങള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടാകും. ഇത് വ്യാപാരത്തെ ബാധിച്ചേക്കും എന്ന ആശങ്കയിലാണ് ജ്വല്ലറിക്കാര്‍.
വില കൂടിയിട്ടും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. വിവാഹ ആവശ്യത്തിന് 40-50 പവന്‍ വാങ്ങിയവരൊക്കെ മാര്‍ച്ച് മാസങ്ങളില്‍ 25-35 ആയും ഏപ്രില്‍-മേയ് മാസങ്ങളില്‍ 15-25 ആയും കുറഞ്ഞു എന്നാണ് വ്യാപാരികളുടെ അഭിപ്രായം.
അതേസമയം പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് സ്വര്‍ണം വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ വില്‍ക്കുമ്പോള്‍ ഇരട്ടിയലധികം ലാഭം ലഭിക്കും.












Click it and Unblock the Notifications