ഖത്തർ കുതിക്കും, 2030 ല്‍ ആ ലക്ഷ്യം കൈവരിക്കും: ലുലു ഗ്രൂപ്പിനും നിർണ്ണായക പങ്ക്; കാരണം സമ്പത്ത് തന്നെ
ദോഹ: റീടെയില്‍ രംഗത്ത് വന്‍ കുതിപ്പുമായി ഖത്തർ. കഴിഞ്ഞ വർഷങ്ങളില്‍ ലുലു അടക്കമുള്ള പ്രമുഖ കമ്പനികള്‍ നിരവധി പുതിയ ഔട്ട്‌ലെറ്റുകള്‍ തുറന്നതോടെ ഈ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ രാജ്യത്തിന് സാധിച്ചും. വരും വർഷങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷ. റീ ടെയില്‍ മേഖലയില്‍ 2030 ഓടെ ഖത്തർ 5 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചേക്കുമെന്നാണ് (സി എ ജി ആർ) മാർക്കറ്റ് റിസർച്ച് സ്ഥാപനമായ മൊർഡോർ ഇൻ്റലിജൻസിൻസ് വ്യക്തമാക്കുന്നത്.
അതിവേഗമുള്ള സാമ്പത്തിക പുരോഗതി, ചിലവഴിക്കല്‍ ശേഷിയിലെ വർധനവ്, ഉയർന്ന ജീവിത നിലവാരം എന്നിവ റീടെയില്‍ രംഗത്തെ വളർച്ചയുടെ പ്രധാന പ്രേരകങ്ങളായി മാറുന്നുവെന്നും റീട്ടെയിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2.6 ദശലക്ഷത്തിലധികം ജനസംഖ്യയും 99.4 ശതമാനം നഗരവൽക്കരണ നിരക്കും ഉള്ള ഒരു വലിയ ഉപഭോക്തൃ വിപണിയാണ് ഖത്തർ. വർഷത്തിൽ 132886 ഡോളറിൽ കൂടുതൽ പ്രതിശീർഷ ജി ഡി പിയുള്ള ഖത്തർ ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്.

പ്രതിശീർഷ ജി ഡി പിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നരാജ്യമാണ് ഖത്തർ. ഗള്‍ഫ് മേഖയിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ യു എ ഇയുടെ പ്രതിശീർഷ ജി ഡി പിയേക്കാള്‍ ഏകദേശം ഇരട്ടിയാണ് ഖത്തറിന്റേത്. അതായത് മറ്റ് രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ചിലവഴിക്കല്‍ ശേഷിയുള്ളവരാണ് ഖത്തറിലെ ജനങ്ങള്‍. ഖത്തറിലെ ഉപഭോക്താക്കൾ പുതിയ ഇനങ്ങൾ പരീക്ഷിക്കുന്നതിനും സാധനങ്ങളുടേയും സേവനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിലും അതീവ താല്‍പര്യമുള്ളവരാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഖത്തറിൻ്റെ ഐക്കണിക് ഷോപ്പിംഗ് മാളായ പ്ലേസ് വെൻഡോം 2022-ലാണ് പ്രവർത്തനം ആരംഭിച്ചത്. 50000 ചതുരശ്ര മീറ്ററിലേറെയാണ് പ്ലേസ് വെൻഡോമിന്റെ വിസ്തീർണ്ണമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. രാജ്യത്ത ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലുസൈലില്‍ പ്രവർത്തിക്കുന്ന മാളില്‍ ഫോർട്ട്‌നം ആന്‍ഡ് മേസൺ, അർബൻ ഔട്ട്‌ഫിറ്റേഴ്‌സ്, ആന്ത്രോപോളജി തുടങ്ങിയ വിവിധ പുതിയ റീട്ടെയിൽ ബ്രാൻഡുകളും പ്രവർത്തിക്കുന്നത്. വരും വർഷങ്ങളില്‍ മാള്‍ കൂടുതല്‍ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.
കോവിഡ് മഹാമാരി കാലഘട്ടത്തിൽ ലോകമെമ്പാടും മാന്ദ്യം ഉണ്ടായിരുന്നിട്ടും, ലോക്ക്ഡൗൺ നടപടികൾ കാരണം സ്റ്റോറുകൾ മാസങ്ങളോളം അടച്ചുപൂട്ടേണ്ടിവന്നെങ്കിലും ഖത്തറിലെ റീട്ടെയിൽ മാർക്കറ്റ് മികച്ച പ്രകടനം കാഴ്ചവച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. ലോക്ക്ഡൗൺ സമയത്ത് സ്റ്റോറുകൾ അടച്ചപ്പോൾ ഓണ്‍ലൈന്‍ വിതരണം സുഗമമാക്കുന്നതിന് ഖത്തർ സർക്കാർ അതിവേഗം നടപടികള്‍ സ്വീകരിച്ചതായും വിദഗ്ധർ പറഞ്ഞു.
അതേസമയം തന്നെ, റീട്ടെയിൽ വ്യവസായം കടുത്ത മത്സരാധിഷ്ഠിതമായി തുടരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. വിപണി വിഹിതത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് പ്രധാനപ്പെട്ട കുറച്ച് ഗ്രൂപ്പുകള്‍ മാത്രമാണ്. വലിയ ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് റീട്ടെയിൽ ശൃംഖലകൾ എന്നിവയുടെ വരവ് ഈ രംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കുന്നു.
ലുലു ഗ്രൂപ്പ്, ചൽഹൗബ് ഗ്രൂപ്പ്, അൽഷയ, അൽ തായർ ഗ്രൂപ്പ് തുടങ്ങിയവയാണ് ഖത്തറിന്റെ റീടെയില്‍ മേഖലയിലെ പ്രധാനികള്‍. ഖത്തറിലെ തങ്ങളുടെ 24 മത്തെ ഹൈപ്പർ മാർക്കറ്റ് കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ഖത്തറില്‍ ആരംഭിച്ചിരുന്നു. ലോട്ട് എന്ന പുതിയ സംരഭമാണ് ലുലു ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ട് ബർവ മദീനത്‌നയില്‍ സ്ഥിതി ചെയ്യുന്നു. ഒരു റിയാല്‍ മുതല്‍ 19 റിയാല്‍ വരെ നിരക്കിലുള്ള ഉത്പന്നങ്ങളാണ് ലോട്ടില്‍ ലഭ്യമാകുക.












Click it and Unblock the Notifications