രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തു; ഇനി ടാറ്റ ട്രസ്റ്റിനെ നയിക്കുക ഇദ്ദേഹം
മുംബൈ: ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ നിയമിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായാണ് നോയലിനെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്. ഇന്ന് മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ് നോയല്‍ ടാറ്റ. ടാറ്റ ട്രസ്റ്റ് ബോര്‍ഡ് ഏകകണ്ഠമായാണ് നോയലിനെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 67 കാരനായ നോയല്‍ വര്‍ഷങ്ങളായി ടാറ്റ ട്രസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നേവല്‍ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ മകനാണ് നോയല്‍. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ബോര്‍ഡിലെ ട്രസ്റ്റിയും ആണ് അദ്ദേഹം.

ടാറ്റ ട്രസ്റ്റിന് കീഴില്‍ 14 ട്രസ്റ്റുകളാണ് ഉള്ളത്. ടാറ്റ ട്രസ്റ്റില്‍ നിലവില്‍ വേണു ശ്രീനിവാസന്‍, വിജയ് സിംഗ്, മെഹ്ലി മിസ്ത്രി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ട്രസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ രത്തന്‍ ടാറ്റ നേരിട്ടായിരുന്നു ഏകോപിപ്പിച്ചിരുന്നത്. നിലവില്‍ വാച്ച് മേക്കര്‍ ടൈറ്റന്റെയും ടാറ്റ സ്റ്റീലിന്റെയും വൈസ് ചെയര്‍മാനാണ് നോയല്‍.
ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയായ ട്രെന്റിന്റെ ചെയര്‍മാനുമാണ് അദ്ദേഹം. ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. 2010-11 ല്‍ ആണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിതനായത്. ഇതോടെ രത്തന്‍ ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്‍ഗാമിയായി നോയല്‍ വന്നേക്കുമെന്ന് അന്ന് തന്നെ സൂചനയുണ്ടായിരുന്നു. യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.
പിന്നീട് ഫ്രാന്‍സിലെ ഇന്‍സീഡില്‍ നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയ നോയല്‍ നേരത്തെ യുകെയിലെ നെസ്ലെയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2014 മുതല്‍ നോയല്‍ ട്രെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനാണ്. ടാറ്റ ഗ്രൂപ്പിന്റെ വസ്ത്രവ്യാപാര സ്ഥാപനമാണിത്. കഴിഞ്ഞ ദശകത്തില്‍ ഇതിന്റെ ഷെയറുകള്‍ വലിയ നേട്ടം കൊയ്തിരുന്നു. നോയല്‍ വിവാഹം കഴിച്ചത് ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ഏക ഓഹരി ഉടമയായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ മകള്‍ ആലു മിസ്ത്രിയെയാണ്.
ഒക്ടോബര്‍ ഒമ്പതിനായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം. 86 കാരനായ രത്തന്‍ വാര്‍ധക്യസഹജമായ അവശതകള്‍ നേരിട്ടിരുന്നു. രാജ്യം കണ്ട എക്കാലത്തേയും ജനകീയനായ വ്യവസായി എന്നാണ് രത്തന്‍ ടാറ്റ അറിയപ്പെട്ടിരുന്നത്.












Click it and Unblock the Notifications