പിഎന്‍ജിആര്‍ബി താരിഫ് പരിഷ്‌കരണം; അദാനി ടോട്ടല്‍ ഗ്യാസ് സിഎന്‍ജി, പിഎന്‍ജി വിലകള്‍ കുറച്ചു
അഹമ്മദാബാദ്: പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പിഎന്‍ജിആര്‍ബി) പുതിയ താരിഫ് പരിഷ്‌കരണ ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് സിഎന്‍ജി, അടുക്കളയില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന പിഎന്‍ജി ഗ്യാസ് എന്നിവയുടെ വില കുറഞ്ഞു. രാജ്യവ്യാപകമായി ശുദ്ധമായ ഇന്ധനത്തിന്റെ ഉപയോഗം ത്വരിതപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിതരണക്കാരായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍) വിവിധ പ്രദേശങ്ങളില്‍ ഇന്ധന വിലയില്‍ നാലു രൂപ വരെ കുറവ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
അദാനി ഗ്രൂപ്പിന്റെയും ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസിന്റെയും സംയുക്ത സംരംഭമാണ് അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്. അടുക്കളയില്‍ പൈപ്പ് വഴി വിതരണം ചെയ്യുന്ന നാച്ചുറല്‍ ഗ്യാസിന്റെയും (പിഎന്‍ജി), വാഹനത്തില്‍ ഉപയോഗിക്കുന്ന സിഎന്‍ജിയുടെയും വിലയാണ് കുറച്ചത്. നിരക്കുകള്‍ കുറച്ചത് വാഹന ഉടമകള്‍ക്കും അതുപോലെ പാചകവാതകം ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ആശ്വാസകരമായ നടപടിയാണ്.
ഗ്യാസ് വിതരണം മേഖലകളെ സംയോജിപ്പിക്കുകയും പ്രകൃതിവാതകം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (നികുതി ഒഴികെ) 54 രൂപ എന്ന് ഏകീകൃത നിരക്ക് നിശ്ചയിക്കുകയും ചെയ്ത പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ നടപടിയാണ് വില കുറയാന്‍ കാരണമായത്. ഇതോടെ രാജ്യത്തെ പ്രമുഖ വിതരണക്കാരായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡിന്റെയും മറ്റു വിതരണക്കാരുടെയും ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ സഹായിച്ചു.

ഗുജറാത്ത്, മധ്യപ്രദേശ് മഹാരാഷ്ട്ര മേഖലകളില്‍ സിഎന്‍ജി കിലോഗ്രാമിന് 50 പൈസ മുതല്‍ 1.90 രൂപവരെയും പിഎന്‍ജി സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്ററിന് 1.10 രൂപ വരെയും ആണ് വിലകുറഞ്ഞത്. അതേസമയം രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്‍സിആര്‍, ഉത്തരപ്രദേശ്, വടക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സിഎന്‍ജി വില കിലോഗ്രാമിന് 1.40 മുതല്‍ 2.55 രൂപ വരെ കുറഞ്ഞു. പിഎന്‍ജിക്ക് 1.10 മുതല്‍ നാല് രൂപയായും കുറഞ്ഞു. മധ്യ കിഴക്കന്‍ ഇന്ത്യയില്‍ സിഎന്‍ജി വില 4.05 രൂപയായും ആഭ്യന്തര പിഎന്‍ജിക്ക് നാലു രൂപയായും കുറഞ്ഞു.
അദാനി ടോട്ടല്‍ ഗ്യാസിന് പുറമേ ഗെയില്‍ ഗ്യാസ് ലിമിറ്റഡും സിഎന്‍ജി, പിഎന്‍ജി വിലകളില്‍ ഒരു രൂപ കുറവ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ നഗര ഗ്യാസ് റീട്ടെയ്‌ലറായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ഡല്‍ഹി, എന്‍സിആര്‍ മേഖലകളിലെ അടുക്കളകളിലേക്ക് പൈപ്പ് വഴി വിതരണം ചെയ്യുന്ന ഗാര്‍ഹിക പ്രകൃതിവാതകത്തിന്റെ വില സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്ററിന് 0.70 രൂപ കുറച്ചു. അതേസമയം തിങ്ക് ഗ്യാസ് എന്ന കമ്പനി സിഎന്‍ജിക്ക് 2.50 രൂപയും പിഎന്‍ജിക്ക് അഞ്ചു രൂപയും കുറച്ചു.
പാചകവാതകവും വാഹന ഇന്ധനവും കൂടുതല്‍ താങ്ങാവുന്നതാക്കി മാറ്റാനും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഈ തീരുമാനം ഉപകരിക്കുമെന്ന് പിഎന്‍ജിആര്‍ബിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എടിജിഎല്‍ സിഇഒ സുരേഷ് പി മംഗ്ലാനി പറഞ്ഞു. നിലവില്‍ രാജ്യത്തെ 1.2 ദശലക്ഷത്തിലധികം വീടുകളില്‍ അദാനി ഗ്രൂപ്പ് പൈപ്പ് വഴി ഗ്യാസ് എത്തിക്കുന്നുണ്ട്. രാജ്യവ്യാപകമായി ഏകദേശം 1100 സിഎന്‍ജി സ്റ്റേഷനുകള്‍ നടത്തുന്നുണ്ട്.
ഇന്ത്യയുടെ ഊര്‍ജ്ജ ഉപയോഗത്തിന്റെ ഏകദേശം ആറു ശതമാനം മാത്രമേ പ്രകൃതിവാതകം ഉള്ളൂ. 2030 ആകുമ്പോഴേക്കും 15 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇത്തരം പരിഷ്‌കരണ നടപടികള്‍ നിര്‍ണായകമാണ്.












Click it and Unblock the Notifications