കേന്ദ്ര ബജറ്റിൽ കണ്ണുംനട്ട് ശമ്പളക്കാർ; ആദായനികുതിയിൽ ഇക്കുറി ഇളവ് ലഭിക്കുമോ? സാധ്യത ഇങ്ങനെ
ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്തെ സകല മേഖലകളും പ്രതീക്ഷയോടെയാണ് ഈ അവസരത്തിൽ കാത്തിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥ കാര്യമായ ഞെരുക്കം അനുഭവപ്പെടുന്ന സമയത്ത് വരുന്ന ബജറ്റിന് ഇന്ത്യയുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കാൻ കഴിയും. മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ ഒട്ടേറെയുണ്ട് വരാൻ.
അതിൽ പ്രധനമാണ് രാജ്യത്തെ വലിയൊരു വിഭാഗമായ ശമ്പളക്കാരെ ബാധിക്കുന്ന ആദായനികുതി നിരക്കുകളൂം അതുമായി ബന്ധപ്പെട്ട ഇളവുകളും. ഇത്തവണത്തെ ബജറ്റിൽ ആദായനികുതി ഇളവ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ശമ്പളക്കാർ. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള സൂചനകളൊന്നും ഇതുവരെ വന്നിട്ടില്ല.

ഇപ്പോഴിതാ വിഷയത്തിൽ എന്തൊക്കെ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്‌ധനും ഡിഎസ്‌ജി അസോസിയേറ്റ്‌സ് അംഗവുമായ സിഎസ് ജോർജ് മാത്യു. വൺഇന്ത്യ മലയാളത്തിന് പ്രത്യേകം നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ബജറ്റുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ പങ്കുവച്ചത്. ആദായ നികുതി ഇളവിന് സാധ്യത ഉണ്ടോ എന്നതുൾപ്പെടെ അദ്ദേഹം പരിശോധിക്കുന്നുണ്ട്.
സിഎസ് ജോർജ് മാത്യുവിന്റെ വാക്കുകളിലേക്ക്
ബജറ്റ് 2025ൽ ആദായനികുതിയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ പതീക്ഷിക്കുന്നുണ്ട്. ന്യൂ റെജിമെയിൽ ഇപ്പോഴത്തെ ടാക്‌സ് സ്ലാബ് തുടങ്ങുന്നത് മൂന്ന് ലക്ഷം മുതലാണ്. മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് ആദ്യത്തെ ടാക്‌സ് സ്ലാബ്. അതിൽ മാറ്റമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്, അഞ്ച് മുതൽ ടാക്‌സ് സ്ലാബ് തുടങ്ങുന്ന രീതിയിലാണ് പരിഷ്ക്കാരം എന്നാണ് കരുതുന്നത്.
പുതിയ റെജിമയെ തന്നെയാണ് സർക്കാർ കൂടുതലായി പ്രമോട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ രീതി അനുസരിച്ച് ആദ്യത്തെ ഏഴ് ലക്ഷം വരെ ഇപ്പോൾ നികുതി അടയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. ഈ പരിധി പത്ത് ലക്ഷ്യത്തിലേക്ക് ഉയർത്തപ്പെടുമെന്നും കരുതുന്നു. ഇപ്പോഴത്തെ ജീവിതനിലവാരവും പണപ്പെരുപ്പവും ഒക്കെ കണക്കിലെടുത്ത് ഈ മാറ്റത്തിന് സാധ്യതയുണ്ട്.
ഏറെനാളായി ഉയരുന്ന ഒരു ആവശ്യമായിരുന്നു മുതിർന്ന പൗരന്മാർക്ക് പുതിയ ടാക്‌സ് റെജിമെയിൽ എന്തെങ്കിലും ഇളവ് കൊടുക്കണമെന്നത്. ഈ ആവശ്യം ഇത്തവണ സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ഭാവനവായ്‌പകൾക്കുള്ള ഇളവ് പുതിയ റെജിമെയിൽ കൊണ്ടുവരണമെന്ന ആവശ്യവും നേരത്തെ തന്നെ ഉയരുന്നുണ്ട്, ഇതും നടപ്പായേക്കും.
പഴയ റെജിമെ എടുത്ത് കളയുമെന്ന് പല അഭിപ്രായങ്ങളും ഉയരുന്നുണ്ടെങ്കിലും കുറച്ചുകാലം കൂടി അത് തുടരാനാണ് സാധ്യത. ഇതിലും ചില ഇളവുകൾ ഉണ്ടവാനിടയുണ്ട്. 80 സി പ്രകാരമുള്ള ടാക്‌സ് ഇളവ് ഒന്നര ലക്ഷത്തിൽ നിന്ന് രണ്ടിലേക്കോ രണ്ടരയിലേക്കോ മാറാനും സാധ്യതയുണ്ട്. മെഡിക്കൽ ഇൻഷുറൻസ് പ്രകാരമുള്ള തുകയിലും മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്.
നികുതി ഫയൽ ചെയ്യുന്ന രീതികൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവും. ക്രിപ്റ്റോ കറൻസിയുടെ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊറേ കാര്യങ്ങളിലും വ്യക്തത വരാനുണ്ടായിരുന്നു. അത് ഇത്തവണ ഉണ്ടാവുമെന്ന് കരുതാം. ഭാര്യക്കും ഭർത്താവിനും സംയുക്തമായി നികുതി നൽകാനുള്ള നിർദ്ദേശം പലരും മുന്നോട്ട് വച്ചിരുന്നു. ഇത് വരുമോ എന്നതും കണ്ടറിയണം.കൂടാതെ സ്‌റ്റാർട്ടപ്പുകൾക്കും മറ്റും കൂടുതൽ ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications