യുപിഐ ഇടപാടുകൾക്കും ആദായ നികുതിയോ? സംശയം വേണ്ട, ഈ പരിധി കടന്നാൽ പിടിവീഴും
ഡിജിറ്റൽ ഇന്ത്യ നടപ്പിലാക്കി വരുന്ന നമ്മുടെ രാജ്യത്ത് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ഓൺലൈൻ ഇടപാടുകൾ വളരെയധികം വർധിച്ചു കഴിഞ്ഞു. ബാങ്കുകളിലേക്കുള്ള യാത്ര ഒഴിവാക്കാനും, പണം കൈയിൽ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള ഓൺലൈൻ ഇടപാടുകളെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളിൽ ഒന്നാണ് യുപിഐ.
ഈ സേവനം വന്നതിന് പിന്നാലെ പണമിടപാടുകൾ കൂടുതൽ എളുപ്പമായി എന്നത് മാത്രമല്ല, അവയുടെ വേഗതയും വർധിച്ചു എന്നതാണ് വാസ്‌തവം. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾ നിരവധി ചട്ടങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ വച്ചിട്ടുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അത് കൂടുതൽ ഒരു ദിവസം അയക്കാവുന്ന തുകയുടെ പരിധി, 24 മണിക്കൂറിനിടെ നടത്താവുന്ന ഇടപാടുകളുടെ എണ്ണം എന്നിവയൊക്കെയാണ്.

എന്നാൽ യുപിഐ സേവനങ്ങളുടെ നികുതി എന്തൊക്കെയാണ്? എങ്ങനെയൊക്കെയാണ് ആദായ നികുതി വകുപ്പ് അത് കണക്കാക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഭൂരിഭാഗം പേർക്കും കൃത്യമായ അറിവില്ല. ഇത് ഭാവിയിൽ വലിയ ധന നഷ്‌ടത്തിലേക്ക് ആയിരിക്കും നിങ്ങളെ നയിക്കുക. യുപിഐ ഇടപാടുകൾ പതിവായി നടത്തുന്നവരാണെങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.
യുപിഐയും നികുതിയും
യുപിഐ അല്ലെങ്കിൽ ഇ-വാലറ്റുകൾ വഴി നടത്തുന്ന ഇടപാടുകളിലൂടെ നിങ്ങൾ സ്വീകരിക്കുന്ന ആകെ തുക, ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപ വരെയാണെങ്കിൽ ഇത് നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. എന്നാൽ ഈ പരിധിക്ക് മുകളിലുള്ള തുകയെ സമ്മാനമായി കണക്കാക്കി നികുതി ബാധകമാവുകയും ചെയ്യും. എന്നാൽ ഇവയ്ക്ക് കൃത്യമായ ഉറവിടം ഉണ്ടെങ്കിൽ മറ്റ് ആശങ്ക വേണ്ട ആവശ്യമില്ല.
യുപിഐ വഴി ലഭിക്കുന്ന ക്യാഷ് ബാക്കുകൾക്ക് പോലും നികുതി ഉണ്ടെന്ന കാര്യത്തിൽ നമ്മളിൽ ഭൂരിഭാഗം പേരും അജ്ഞരായിരിക്കും. യുപിഐ ക്യാഷ്ബാക്കുകളെ ഗിഫ്റ്റ് ആയി കണക്കാക്കിയാണ് നികുതി ഏർപ്പെടുത്തുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയ്ക്കു മുകളിലുള്ള ക്യാഷ് ബാക്കുകൾക്ക് നികുതിയുണ്ട്. കുടുബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്ന് ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതലുള്ള ഗിഫ്റ്റ് വൗച്ചറുകൾ സ്വീകരിച്ചാലും ഈ നികുതി അടയ്‌ക്കേണ്ടി വരും.
യുപിഐ നിയമങ്ങൾ
ഇത് കൂടാതെ യുപിഐ സേവനങ്ങളും അതിന് ഉപയോഗിക്കുന്ന ബാങ്കുകളും സർവീസ് ചാർജുകളും, പരിധികളും നിശ്ചയിച്ചിട്ടുണ്ട്. ഇടപാടുകളുടെ വലുപ്പം, അതിന്റെ സ്വഭാവം എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കും ഈ നിയമങ്ങൾ. നിലവിൽ ഒരു ലക്ഷം രൂപ വരെയാണ് ഒരു ദിവസം പരമാവധി യുപിഐ വഴി അയക്കാൻ കഴിയുന്നത്. കൂടാതെ അടുത്തിടെ മൊബൈൽ റീചാർജുകൾ ഓൺലൈനായി ചെയ്യുന്നതിന് ഗൂഗിൾ പേ ചാർജ് ഈടാക്കാനും ആരംഭിച്ചിരുന്നു.












Click it and Unblock the Notifications