ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? പലയിടത്തും കിഴിവ് ഓഫര്‍, കാരണമിത്
മുംബൈ: ആറാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആദ്യമായി ഫിസിക്കല്‍ ഗോള്‍ഡ് ഡിസ്‌കൗണ്ടില്‍ വിറ്റു. രൂപയുടെ മൂല്യം കുറഞ്ഞതും ഡിമാന്‍ഡ് മിതമായതുമാണ് കാരണം. ഇന്ത്യയിലെ ആഭ്യന്തര വില കഴിഞ്ഞയാഴ്ച 74852 രൂപയായി കുറഞ്ഞിരുന്നു. അതിന് ശേഷം വെള്ളിയാഴ്ച 10 ഗ്രാമിന് 76800 രൂപയായി ഉയര്‍ന്നു. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞതിനാല്‍ ജ്വല്ലറികള്‍ പര്‍ച്ചേസുകള്‍ നിയന്ത്രിച്ചിരിക്കുകയാണ് എന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു ഡീലര്‍ പറയുന്നു.
രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കുന്നു. കഴിഞ്ഞ ആഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.7575 എന്ന എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇന്ത്യന്‍ ഡീലര്‍മാര്‍ ആഭ്യന്തര വിലകളില്‍ ഔണ്‍സിന് 2 ഡോളര്‍ വരെ കിഴിവ് വാഗ്ദാനം ചെയ്താണ് വില്‍പന നടത്തിയത്. 6% ഇറക്കുമതിയും 3% സെയില്‍സ് ലെവിയും ഉള്‍പ്പെടെ. കഴിഞ്ഞ ആഴ്ചയിലെ പ്രീമിയം 3 ഡോളറില്‍ നിന്ന് കുറഞ്ഞു.

'ഈ ആഴ്ച റീട്ടെയില്‍ ഡിമാന്‍ഡ് വളരെ കുറവായിരുന്നു. വിവാഹ സീസണ്‍ നടക്കുകയാണ്, എന്നാല്‍ വലിയ അളവില്‍ വാങ്ങുന്നവര്‍ വില കുറയാന്‍ കാത്തിരിക്കുകയാണ്,' ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഉടമ പറയുന്നത്. ഇന്ത്യയില്‍ വിവാഹ പര്‍ച്ചേസിനായാണ് സ്വര്‍ണം കൂടുതല്‍ അളവില്‍ വാങ്ങിക്കുന്നത്. ഇത് കഴിഞ്ഞാല്‍ അക്ഷയ തൃതീയ, ധന്‍തേരസ്, ദീപാവലി തുടങ്ങിയ ആഘോഷ സമയത്തും സ്വര്‍ണം വലിയ അളവില്‍ വാങ്ങിക്കാറുണ്ട്.
ഈ സമയങ്ങളില്‍ എല്ലാം ആഭരണമായാണ് സ്വര്‍ണം എല്ലാവരും വാങ്ങിക്കുന്നത്. ആഭരണമായി സ്വര്‍ണം വാങ്ങിക്കുന്നത് ചെലവേറിയ പ്രക്രിയയാണ്. കാരണം പവന്‍ വിലയ്ക്ക് പുറമെ ജി എസ് ടി (3 ശതമാനം), ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടി സ്വര്‍ണത്തിന് നല്‍കേണ്ടതുണ്ട്. ആഭരണമായി വാങ്ങിക്കുമ്പോള്‍ ഇതിനെല്ലാം പുറമെ പണിക്കൂലി കൂടി നല്‍കേണ്ടി വരും. പല ജ്വല്ലറികളും പലതരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്.
എന്നാല്‍ സ്വര്‍ണം വില്‍ക്കുന്ന സമയത്ത് പവന്‍വില മാത്രമെ ലഭിക്കൂ. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ലാഭം നല്‍കുന്നതുമല്ല. സ്വര്‍ണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. യുദ്ധം, കാലാവസ്ഥ, എണ്ണവില എന്നിവ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. എന്നാല്‍ നിലവില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ്.
ഒരു ഡോളര്‍ ലഭിക്കാന്‍ എത്ര ഇന്ത്യന്‍ രൂപ നല്‍കണമെന്നതാണ് രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത്. ഇന്ത്യ ഇപ്പോഴും ഒരു ഉപഭോക്തൃ രാജ്യമാണ് എന്നതിനാല്‍ തന്നെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനെക്കാള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നു. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നം ലഭിക്കാന്‍ കൂടുതല്‍ രൂപ നല്‍കണം. സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നതിനാല്‍ തന്നെ ഇതിന് ചെലവ് കൂടും.












Click it and Unblock the Notifications