ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതി ജോസഫിനും ജാമ്യം; ജാമ്യം അനുവദിച്ചത് ഉപാധികളോടെ
കൊച്ചി: ഇന്ധന വിലവർധനവിനെതിരായ റോഡ് ഉപരോധത്തിലുണ്ടായ കോൺഗ്രസിൻ്റെ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം. കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. 37,500 രൂപ പിഴയും 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവുമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു. ജോസഫിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു.
കേസിൽ ജോജുവിന്റെ കാർ തകർത്തത് ജോസഫ് ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസിലെ മുഖ്യപ്രതി കൂടിയാണ് ജോസഫ്. കോൺഗ്രസ് പ്രവർത്തകരായ പി. വൈ ഷാജഹാൻ, അരുൺ വർഗീസ്, ടോണി ചമ്മിണി, മനു ജേക്കബ്, ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ. ജോജുവിന്റെ കാർ കല്ലുപയോഗിച്ച് ഇടിച്ചു തകർത്തത് ജോസഫാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അതേസമയം, നേരത്തെ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കേസിൽ ജാമ്യം ലഭിച്ചിരുന്നു. കള്ളകേസാണ് ചുമത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്നാണ് ടോണി ചമ്മിണി അന്ന് പ്രതികരിച്ചത്. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലായിരുന്നു ടോണി ചമ്മിണിയടക്കമുള്ളവർക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ, കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ കൊവിഡ് മാനദണ്ഡം ലംഘിച്ച് പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജുവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. മാസ്ക് ധരിക്കാത്ത ജോജുവിനെതിരെ പിഴയും ചുമത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ നൽകിയ പരാതിയിൽ കൊച്ചി മരട് പൊലീസാണ് നടനെതിരെ കേസെടുത്തത്.

ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെയായിരുന്നു പ്രതിഷേധവുമായി ജോജു രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് ജോജുവിൻ്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ താരം പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയായിരുന്നു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണെന്നും ജോജു അന്ന് പ്രതികരിച്ചിരുന്നു. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധനയിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ വാക്കുകൾ.

ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞിരുന്നു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വിഷയം വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവയ്ക്കുകയും ചെയ്തിരുന്നു.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications