''എന്റെ കൊച്ചിനെ കൊന്നവനെ തീറ്റയും കൊടുത്ത് സംരക്ഷിക്കുന്നു'', പൊട്ടിത്തെറിച്ച് ജിഷയുടെ അമ്മ
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ. ഇത്തരം കൊലപാതകികളെ ജനം കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ ജിഷയുടെ അമ്മ തന്റെ മകൾ കൊല്ലപ്പെട്ടിട്ട് തനിക്ക് നീതി കിട്ടിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ജിഷയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ: '' ഇത്രയും കുഞ്ഞ് കുട്ടികളെ കൊല്ലുകയെന്ന് പറഞ്ഞാല്‍ അതിലും ക്രൂരമായി ഒന്നുമില്ല. എന്തിനാണ് ഈ പ്രതിയെ ജനങ്ങള്‍ പോലീസിനും നിയമത്തിനും വിട്ടുകൊടുക്കുന്നത്. ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം. എങ്കില്‍ പിന്നെ ഒരു കൊലപാതകികളും ഇവിടെ ഉണ്ടാകില്ല. അത് ജനങ്ങള്‍ നിയമത്തിനും പോലീസിനും വിട്ട് കൊടുക്കരുത്''.

''എന്റെ കൊച്ചിനെ കൊന്നിട്ട് എട്ട് വര്‍ഷമായി. ഇതുവരെ എനിക്ക് എന്ത് നീതിയാണ് കിട്ടിയത്. ഒരു നീതിയും തന്നിട്ടില്ല. ഇപ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ കൊന്നിരിക്കുന്നു. ജനങ്ങള്‍ എന്ത് കാഴ്ചയാണ് കണ്ട് നില്‍ക്കുന്നത്. ഇവിടെ പട്ടിയേയും പൂച്ചയേയും കൊന്നിട്ടുണ്ടെങ്കില്‍ അവരെ ജയിലില്‍ ഇടും, ശിക്ഷ കൊടുക്കും. സ്‌സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൊല്ലുന്നവരെ ഇവിടെ ശിക്ഷിക്കുന്നില്ല''.
''അമീറുള്‍ ഇസ്ലാമിനെ പിടിച്ചിട്ട് കൊല്ലങ്ങളായി. തൂക്കിക്കൊല്ലാനിട്ടതാണ്. ഇപ്പോള്‍ മാനസാന്തരപ്പെട്ടു എന്ന് പറഞ്ഞ് ജീവപര്യന്തം കൊടുക്കണമെന്ന് പറയുന്നു. അപ്പോള്‍ വക്കീലും പോലീസും ഇവിടെ എന്താണ് നടത്തുന്നത്. പുറത്തുളള രാജ്യങ്ങളിലൊക്കെ ഇത്തരം തെറ്റ് ചെയ്താല്‍ അവരെ ശിക്ഷിക്കും. ആ ശിക്ഷാ നടപടികള്‍ നമ്മുടെ നാട്ടിലും നടപ്പിലാക്കണം''.
''എന്റെ കൊച്ചിനെ കൊന്നവനെ തീറ്റയും കൊടുത്ത് സംരക്ഷിക്കുകയാണ്. ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. പ്രതികളെ സംരക്ഷിക്കും, അവര്‍ വീണ്ടും കൊല ചെയ്യും. ഇതാണ് നാട്ടില്‍ സംഭവിക്കുന്നത്. അതിന് ഇനി ഇട കൊടുക്കരുത്. കൊലപാതകികളെ ജയിലിട്ട് തീറ്റയും കൊടുത്ത് ജീവിപ്പിക്കരുത്. നിയമം അവരെ രക്ഷപ്പെടുത്തുകയേ ഉളളൂ എന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു''.












Click it and Unblock the Notifications