ബ്രഹ്‌മപുരം തീപിടിത്തം: വിവിധ തദ്ദേശസ്ഥാപനങ്ങളിൽ 7ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് തിങ്കളാഴ്ച അവധി
മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കളക്ടർ രേണു രാജ് അവധി നാളെ (തിങ്കളാഴ്ച)
പ്രഖ്യാപിച്ചു.
വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുമാണ് 06-03-2023 (തിങ്കൾ) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
അതേസമയം, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണ് ഉണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം. നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരും ദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ വിഷപ്പുക കൊച്ചിയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു.












Click it and Unblock the Notifications