മൊഫിയയുടെ ആത്മഹത്യക്ക് കാരണം പൊലീസിന്റെ മോശം പെരുമാറ്റമെന്ന് പ്രതികള്‍; ജാമ്യാപേക്ഷ തള്ളി
കൊച്ചി: ആലുവയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് മൊഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും വീട്ടുകാരും സമര്‍പ്പിച്ച ജാമ്യ ഹരജി കോടതി തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ആലുവ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ഹര്‍ജി നേരത്തെ തളളിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും വാദം. എന്നാല്‍ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം ശാസ്ത്രീയമായി പരിശോധിച്ച് തെളിവ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ മൊഫിയ പര്‍വ്വീണ്‍ നേരിട്ടത് കൊടിയ പീഡനമെന്ന് ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിരുന്നുവെന്നും ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും സുഹൈലിന്റെ മാതാവ് മോഫിയയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സി എല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച് വരികയാണ്. അതേസമയം കേസില്‍ രണ്ടാം പ്രതിയായ സുഹൈലിന്റെ മാതാവ് റുഖിയക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞതാണെന്നും പ്രതിഭാഗം കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ വാദിച്ചിരുന്നു.
റുഖിയയെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും വാദിച്ചു. വൈദ്യപരിശോധന റിപ്പോര്‍ട്ട് പരിശോധിച്ച കോടതി റുഖിയയേയും കസ്റ്റഡിയില്‍ വിടുകയായിരുന്നു. സുഹൈലിന്റെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നും കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യംചെയ്യലിനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ, കേസന്വേഷേണത്തിന്റെ ഭാഗമായി മൊഫിയയുടെ സുഹൃത്തുകളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.












Click it and Unblock the Notifications