എറണാകുളത്ത് ആയിരം ഓക്സിജൻ കിടക്കകളുമായി താത്കാലിക ചികിത്സ കേന്ദ്രം ഒരുങ്ങുന്നു
എറണാകുളം: കൊവിഡ് ചികിത്സയിൽ ഏറ്റവും പ്രധാനം ഓക്സിജൻ ലഭ്യമാക്കുക എന്നതാണ്. പല സംസ്ഥാനങ്ങളിലും ഓക്സിജൻ ലഭിക്കാതെ നൂറുകണക്കിന് രോഗികൾ ശ്വാസം മുട്ടി മരിക്കുന്ന സാഹചര്യവും ഉണ്ടായി. കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമായില്ലെങ്കിൽ, കേരളത്തിലും അത്തരം സാഹചര്യം വിദൂരമല്ലെന്ന് നിരീക്ഷണങ്ങളുണ്ട്.
സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗികൾ ഉള്ള ജില്ലയാണ് എറണാകുളം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച രീതിയിൽ സംവിധാനങ്ങൾ ഒരുക്കുകയാണ് അധികൃതർ. കൊവിഡ് ചികിത്സയ്ക്കായി ആയിരം ഓക്സിജൻ കിടക്കകളുള്ള താത്കാലിക ആശുപത്രി ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബിപിഎൽ സഹകരണത്തോടെ
കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗൾ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന താത്കാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 1000 ഓക്സിജൻ കിടക്കകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ നമ്പർ വൺ
വിഭാവനം ചെയ്യുന്നപോലെ ഈ ചികിത്സ കേന്ദ്രം സജ്ജമായാൽ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള ചികിത്സാ കേന്ദ്രമായി ഇത് മാറുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് അഭിപ്രായപ്പെട്ടു. ഇവിടേക്ക് ആവശ്യമായ നഴ്സുമാർ , ഡോക്ടർമാർ എന്നിവർക്കായുള്ള ആദ്യഘട്ട അഭിമുഖം പൂർത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മനേജർ അറിയിച്ചു. ഡോക്ടർമാരേയും നഴ്സുമാരേയും നിയമിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അപേക്ഷ ക്ഷണിച്ചിരുന്നു.

ചുമതല ആശുപത്രികൾക്ക്
കോവിഡ് ചികിത്സയ്ക്കായി സർക്കാർ ചെലവിൽ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികൾക്ക് നൽകും. സർക്കാർ സംവിധാനം വഴിയായിരിക്കും ഈ കിടക്കകൾ അനുവദിക്കുന്നത്. ഇവിടങ്ങളിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ളവർക്കും ചികിത്സ ഉറപ്പാക്കും.

കൊവിഡ് ചികിത്സയ്ക്ക്
താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന ഓൺലൈൻ യാഗത്തിൽ ബിപിസിഎൽ ചീഫ് മാനേജർ കുര്യൻ ആലപ്പാട്ട്, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൊവിഡ് ചികിത്സക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ ആണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications