മൃതദേഹങ്ങള്‍ വിറ്റ് നേടിയത് 62 ലക്ഷം രൂപം: എറണാകുളം ജനറല്‍ ആശുപത്രിയിലെ കണക്കുകള്‍ പുറത്ത്
എറണാകുളം: കൊച്ചിയില്‍ ദുരൂഹമരണങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷങ്ങളില്‍ വന്‍ വർധനവുണ്ടാവുന്നതായി റിപ്പോർട്ട്. നാലു വർഷത്തിനിടെ എറണാകുളം ജനറൽ ആശുപത്രിക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രം ലഭിച്ചത് 267 അജ്ഞാത മൃതദേഹങ്ങളെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം തന്നെ ഇക്കാലയളവിൽ മെഡിക്കൽ കോളേജിലെ പഠനത്തിനായി മൃതദേഹങ്ങൾ എത്തിച്ച് ആശുപത്രിക്ക് 62 ലക്ഷം രൂപയുടെ (62,40,000) രൂപയുടെ വരുമാനം ഉണ്ടാക്കാൻ സാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നടി മീര മിഥുന് വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം

ആരും അവകാശവാദം ഉന്നയിക്കാൻ വരാത്ത മിക്ക കേസുകളിലും അജ്ഞാ മൃതദേഹങ്ങൾ നിശ്ചിത കാലാവധി കഴിഞ്ഞാല്‍ മെഡിക്കല്‍ കോളേജുകൾക്ക് നൽകുന്നതാണ് പതിവ്. ആക്ടിവിസ്റ്റ് രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ നിയമത്തിന് മറുപടിയായാണ് ജനറൽ ആശുപത്രിയിലെ അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങൾ ലഭിച്ചത്. 2017 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെയുള്ള കാലയളവിലെ കണക്കുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

40000 രൂപ എന്ന നിരക്കിലാണ് മൃതദേഹങ്ങള്‍ വിറ്റിരിക്കുന്നത്. 'ഒരു രൂപയ്ക്ക് പോലും വിലയില്ലാത്തവൻ എന്ന് ഇനി പറയില്ല''''''അനാഥ മൃതശരീരങ്ങൾ വിറ്റ വകയിൽ എറണാകുളം ജനറൽ ആശൂപത്രിക്ക് കഴിഞ്ഞ 4 വർഷം കൊണ്ട് കിട്ടിയത് 60 ലക്ഷത്തിലേറെ രൂപ. ഒരു ശവശരീരത്തിന് 40000 രൂപ വിലയുണ്ട്.'- എന്നാണ് വിവരാവകാശം ലഭിച്ച രേഖകള്‍ പുറത്ത് വിട്ടുകൊണ്ട് രാജു വാഴക്കാല ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആകെ 156 മൃതദേഹങ്ങളാണ് മെഡിക്കൽ കോളേജുകൾക്ക് പഠനത്തിനായി നൽകിയത്. ഇതില്‍ 154 എണ്ണം സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും രണ്ടെണ്ണം സർക്കാർ കോളേജിനുമാണ് കൈമാറിയിരിക്കുന്നത്. ഇതിലൂടെ ലഭിച്ച തുക ആശുപത്രിയോട് അനുബന്ധിച്ചുള്ള മോർച്ചറിയുടെയും ഫോറൻസിക് വിഭാഗത്തിന്റെയും നടത്തിപ്പിനാണ് ഉപയോഗിക്കുന്നത്. നിലവിൽ 57,43,002 രൂപ ആശുപത്രിയുടെ അക്കൗണ്ടിൽ അവശേഷിക്കുന്നുണ്ട്.

"കൊച്ചിയിൽ നിരവധി വൃദ്ധസദനങ്ങളും അഗതികൾക്കായി ക്ഷേമ പ്രവർത്തനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും പലരും തെരുവിൽ മരിക്കുന്നു എന്നതാണ് സങ്കടകരമായ കാര്യമാണ്. നിരവധി മൃതദേഹങ്ങൾ ജലാശയങ്ങളിൽ നിന്ന് കണ്ടെടുക്കുന്നു. പ്രതിവർഷം ശരാശരി 60 അജ്ഞാത മൃതദേഹങ്ങളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്നത്. അജ്ഞാത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നില്ല"- രാജു പറഞ്ഞു.

അതുപോലെ 2011 മുതൽ 2017 വരെ 395 മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. തുടർന്ന് മൃതദേഹങ്ങൾ വിറ്റതിലൂടെ 1.49 കോടി രൂപ ആശുപത്രിക്ക് ലഭിച്ചു. മൃതദേഹങ്ങൾ കുറച്ച് ദിവസത്തേക്ക് സൂക്ഷിച്ചതിന് ശേഷമാണ് കൈമാറുന്നതെന്ന് മോർച്ചറി വിഭാഗത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. അവകാശവാദം ഉന്നയിക്കാൻ ആരും വരില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജുകൾക്ക് വിട്ടുനൽകുന്നത്.

എംബാം ചെയ്യാത്ത മൃതദേഹങ്ങൾ 20,000 രൂപയ്ക്കും അസ്ഥികൂടം 10,000 രൂപയ്ക്കുമാണ് കോളേജുകൾക്ക് നൽകുന്നത്. "സംശയാസ്‌പദമായ സന്ദർഭങ്ങളിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ചില സന്ദർഭങ്ങളിൽ, മൃതദേഹത്തിൽ നിന്ന് കണ്ടെത്തുന്ന കത്തുകൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ മറ്റ് ഐഡന്റിറ്റി പ്രൂഫുകൾ എന്നിവയിലൂടെ ആളെ തിരിച്ചറിയാന്‍ ശ്രമിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഡിഎൻഎ പരിശോധന വഴിയാണ് ആളെ തിരിച്ചറിയാറുള്ളത്. ഇതിനായി മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വിവരങ്ങൾ ആവശ്യമാണ്. എന്നാല്‍ മിക്ക കേസുകളിലും, ബന്ധുക്കളെക്കുറിച്ച് ഒരു വിവരവും ഉണ്ടാകില്ല. "മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുമ്പ്, മരിച്ച വ്യക്തിയുടെ വിരലടയാളവും ആന്തരിക അവയവങ്ങളും ശേഖരിക്കുന്നു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലാണ് രേഖകൾ സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളെ മാസങ്ങൾക്കുശേഷം കണ്ടെത്തുന്ന സംഭവങ്ങളുണ്ട്, "-ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കണക്കുകള്‍
ലഭിച്ച അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം: 267
മെഡിക്കൽ കോളേജുകൾക്ക് നൽകിയ മൃതദേഹങ്ങളുടെ എണ്ണം: 156
മൃതദേഹങ്ങൾ വിറ്റ വകയില്‍ ലഭിച്ച തുക: 62,40,000 രൂപ
എംബാം ചെയ്ത അജ്ഞാത മൃതദേഹത്തിന്റെ വില: 40,000 രൂപ
എംബാം ചെയ്യാത്ത അജ്ഞാത മൃതദേഹത്തിന്റെ വില: 20,000 രൂപ
അസ്ഥികൂടത്തിന്റെ വില: 10,000 രൂപ