ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തല ഏകോപനം; രവീന്ദ്രനാഥിനെ മാറ്റി ചുമതലയേറ്റ് മന്ത്രി എ.സി മൊയ്തീൻ, ശുചീകരണത്തിന്‍റെ പൂർണ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക്
കൊച്ചി: ശുചീകരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഏകോപന സംവിധാനത്തിന് രൂപം നൽകാൻ മന്ത്രി എ.സി. മൊയ്തീൻ നിർദേശം നൽകി. എറണാകുളത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെ കുറിച്ച് വിമർശനമുയർന്ന ശേഷം ചുമതലയുണ്ടായിരുന്ന മന്ത്രി രവീന്ദ്രനാഥിനെ മാറ്റിയ ശേഷം മന്ത്രി എ.സി മൊയ്തീൻ ചുമതലയേറ്റു.
പ്രളയക്കെടുതി: ഇടുക്കിയിലെ ഇരട്ടുക്കാനം വിയറ്റ്‌നാം പവര്‍ഹൗസിന് നഷ്ടം 20 കോടി
ശുചീകരണം, ദുരിത ബാധിതർക്കുള്ള സാധനങ്ങളുടെ വിതരണം, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പഞ്ചായത്ത് തലത്തിൽ ഏകോപനത്തിന് സമിതി രൂപീകരിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കൃത്യമായ ഏകോപനമാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും വാർഡ് തല സമിതി രൂപീകരിക്കും. പഞ്ചായത്ത് അംഗം ചെയർമാനായ സമിതിയിൽ ഒരു നിർവഹണ ഉദ്യോഗസ്ഥനുമുണ്ടാകും.

പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് ഏകോപന ചുമതല. ഓരോ വാർഡിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ വിവിധ ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കണം. ആരോഗ്യം, പഞ്ചായത്ത്, റവന്യൂ, കെ എസ് ഇ ബി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കണം. സന്നദ്ധ പ്രവർത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം.
ശുചീകരണത്തിനാവശ്യമായ വസ്തുക്കളും സാധന സാമഗ്രികളും ദുരിതബാധിതരായ എല്ലാവരിലും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വന്തമായുള്ള ഉപകരണങ്ങൾ ഉപയോഗിക്കണം. ശുചീകരണവുമായി ബന്ധപ്പെട്ട ചുമതല ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്തിനാണ്. പ്ലാൻ ഫണ്ടിൽ നിന്ന് വകമാറ്റി ചെലവഴിക്കാനുള്ള അനുമതി പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്.
വെള്ളം കയറിയ വീടുകളിൽ നിന്ന് നീക്കം ചെയ്യുന്ന അജൈവ മാലിന്യങ്ങൾ നിശ്ചിത സ്ഥലത്ത് നിക്ഷേപിക്കണം. ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ശേഖരിക്കും. ഇവ ശേഖരിക്കുന്ന ഏജൻസി ബ്രഹ്മപുരത്ത് താത്കാലികമായി നിക്ഷേപിക്കും. ഇ വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും പഞ്ചായത്ത് തലത്തിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
ഓരോ പ്രദേശത്തെയും വീടുകളുടെ സുരക്ഷ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തണം. പ്ലംബർ മാ ർ, ഇലക്ടീ ഷ്യന്മാർ, എൻജിനീയർമാർ, ഓവർസിയർമാർ എന്നിവരെക്കൊണ്ട് പരിശോധന നടത്തി വീടുകളുടെ സുരക്ഷ ഉറപ്പാക്കണം. ദുരിതബാധിത മേഖലകളിൽ വാസയോഗ്യമായ വീടുകൾ കണ്ടെത്തണം. പഞ്ചായത്ത് പ്രസിഡന്റ, സെക്രട്ടറി വാസയോഗ്യമായ വീടുകളുള്ളവരെ ക്യാംപിൽ നിന്നു മാറ്റാൻ കഴിയും. നിലവിൽ താമസിക്കാൻ കഴിയാത്ത വീടുകളുള്ളവർക്കായി പ്രത്യേക ക്യാമ്പുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാനാവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കാനും മന്ത്രി നിർദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുറമേ അധിക ചികിത്സാ സൗകര്യം ആരംഭിക്കുമെന്ന് എൻ ആർ എച്ച് എം അറിയിച്ചു. ഒരു ഡോക്ടറും മരുന്നു നൽകാനുള്ള സംവിധാനവും ഇവിടെയുണ്ടാകും. അടഞ്ഞുകിടക്കുന്ന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
ക്യാമ്പുകളിൽ ഇനി മുതൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകണമെന്ന് മന്ത്രി അറിയിച്ചു. പഞ്ചായത്തുകളാണ് ഈ ചുമതല നിർവഹിക്കേണ്ടത്. ഓരോ ക്യാംപിന്റയും ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എല്ലാവർക്കും തുല്യമായ വിഭവ വിതരണം ഉറപ്പാക്കണം. ക്യാംപുകളിൽ നേരിട്ട് സഹായങ്ങളെത്തിക്കുമ്പോൾ ചിലർക്ക് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടാകും.
ഓരോ പഞ്ചായത്തിലെയും ക്യാംപുകളിലേക്കുള്ള വിഭവങ്ങൾ സർക്കാർ സംവിധാനത്തിലൂടെ വിതരണം ചെയ്യുക വഴി തുല്യത ഉറപ്പാക്കാനാകും. ഭക്ഷ്യധാന്യ വിതരണത്തിന് സിവിൽ സപ്ലൈസ് ഓഫീസർ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
എം എൽ എ മാരായ വി.ഡി. സതീശൻ, എസ്. ശർമ്മ, എൻ ആർ എച്ച് എം ജില്ല പ്രൊജക്ട് മാനേജർ ഡോ. മാത്യൂസ് നമ്പേ ലി, ഹെൽത്ത് ഓഫീസർ എൻ. ശ്രീനിവാസൻ, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ സുജിത് കരുൺ, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ സിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications