ബിജെപി അംഗം വിട്ടുനിന്നു; കളമശേരിയില്‍ യുഡിഎഫിന് ശ്വാസം നേരെ വീണു... അവിശ്വാസം പരാജയപ്പെട്ടു
കൊച്ചി: കളമശേരി മുന്‍സിപ്പാലിറ്റിയില്‍ ഭരണകക്ഷിയായ യുഡിഎഫിനെതിരെ പ്രതിപക്ഷമായ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ നിന്ന് ബിജെപി അംഗം വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ ഒരു വോട്ടിന്റെ കുറവില്‍ പ്രമേയം പരാജയപ്പെട്ടു. മന്ത്രി പി രാജീവിന്റെ മണ്ഡലത്തില്‍ മുന്‍സിപ്പാലിറ്റി ഭരണം യുഡിഎഫിന് ലഭിച്ചത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു.

ഭരണം പിടിക്കാനുള്ള അതുല്യമായ അവസരമായിട്ടാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെ കണ്ടിരുന്നത്. രാഷ്ട്രീയത്തിന് അതീതമായ നീക്കുപോക്കുകളുണ്ടാകുമെന്നു ചില പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ക്വാറം തികഞ്ഞെങ്കിലും വോട്ടെടുപ്പ് വേളയില്‍ ബിജെപി അംഗം വിട്ടുനിന്നതോടെ പരാജയപ്പെടുകയായിരുന്നു.
കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഭരണത്തിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ് വിമതന്റെ പിന്തുണയോടെ കൊണ്ടുവന്ന പ്രമേയത്തിന് ഒരംഗത്തിന്റെ പിന്തുണ കൂടി ലഭിക്കേണ്ടിയിരുന്നു. ബിജെപി അംഗം പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷത്തിന്റെ നീക്കം. എന്നാല്‍ യുഡിഎഫ് കളി മാറ്റിയതോടെ ബിജെപി അംഗം പ്രമേയത്തെ പിന്തുണച്ചില്ല.
42 അംഗ കൗണ്‍സിലില്‍ ഒരംഗത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിച്ചിരുന്നത്. കൗണ്‍സിലില്‍ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഈ അംഗത്തിന്റെ നിലപാട് നിര്‍ണായകമായിരുന്നു. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്ന് വിട്ടു നിന്നു.
പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ക്വാറം തികഞ്ഞെങ്കിലും വോട്ടെടുപ്പ് വേളയില്‍ ബിജെപി അംഗം പിന്‍മാറിയതോടെ 21 വോട്ടുകള്‍ ലഭിക്കുകയും പ്രമേയം പരാജയപ്പെടുകയും ചെയ്തു. യുഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും വലിയ ഭൂരിപക്ഷമില്ലാത്തതിനാല്‍ വെല്ലുവിളി നിറഞ്ഞതാകും ഭരണം. ഇനി ആറ് മാസം കഴിഞ്ഞാലാണ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് സാധിക്കുക.












Click it and Unblock the Notifications