അച്ഛന് ശേഷം മക്കള്‍, ഭർത്താവിന് ശേഷം ഭാര്യ, അമ്മാവന് ശേഷം അനന്തരവർ അതിനെ ജനം ഊളത്തരമെന്നേ വിളിക്കൂ; കുറിപ്പ്
കൊച്ചി: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും ഇടംപിടിച്ചതിൽ വിമർശനവുമായി ഇടതുസഹയാത്രിക രശ്മിത രാമചന്ദ്രൻ. 'രാഷ്ട്രീയ പാർട്ടികളോട് മൊത്തമായാണ്... ജനാധിപത്യ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛന് ശേഷം മക്കള്‍, ഭർത്താവിന് ശേഷം ഭാര്യ, അമ്മാവന് ശേഷം അനന്തരവർ എന്നങ്ങു തീരുമാനിച്ചാൽ അതിനെ ജനം ഊളത്തരമെന്നേ വിളിക്കൂ. അതിനി സ്ഥാനാർത്ഥി ബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലൻ സഖാവിന്റെയായാലും ശരി'- രശ്മിത ഫേസ്ബുക്കിൽ കുറിച്ചു.
തുടർച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിന്നതോടെയാണ് മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയെയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെയും യഥാക്രമം ഇരിങ്ങാലക്കുടയിലും തരൂരിലുമാണ് മത്സരിപ്പിക്കുക. ഇതിന് പുറമേ മുൻ എംഎൽഎ എം ദാസന്റെ ഭാര്യ സതീദേവിയെ കൊയിലാണ്ടി മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസ് ബേപ്പൂരിലും എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കും.

പാലക്കാട് ജില്ലയിലെ സംവരണ സീറ്റായ തരൂരിലാണ് ജമീല മത്സരിക്കുന്നത്. പാലക്കാട് ജില്ലാ കമ്മറ്റിയാണ് ജമീലയുടെ പേര് സ്ഥാനാർത്ഥിയായി നിർദേശിച്ചത്. എകെ ബാലന്റെ ഭാര്യ സ്ഥാനാർത്ഥിയാവുമെന്ന വാർത്തകള്‍ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ മന്ത്രി ഭാര്യ തരൂരിൽ മത്സരിക്കുമെന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജമീലയെ തരൂരിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നത്.












Click it and Unblock the Notifications