തദ്ദേശ തിരഞ്ഞെടുപ്പ്; എറണാകുളത്ത് എൽഡിഎഫ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എൽജെഡി
കൊച്ചി: എറണാകുളത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാധാന്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലോക് താന്ത്രിക് ജനതാദൾ തീരുമാനിച്ചു. എൽഡിഎഫിലെ ഘടകകക്ഷിയായ എൽജെഡിയെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലങ്ങളിൽ കോട്ടപ്പള്ളി ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടെ മത്സര രംഗത്തുണ്ടായിരുന്ന വീരേന്ദ്രകുമാർ വിഭാഗം ജനതാ ദൾ യുഡിഎഫ് വിട്ട് എൽഡിഎഫിൽ തിരികെയെത്തിയപ്പോൾ കാലങ്ങളായി മത്സരിച്ച ബ്ലോക്ക് സീറ്റിലുൾപ്പെടെ സിപിഐഎം സ്ഥാനാർത്ഥികളെ നിർത്തി സ്വന്തമാക്കിയിരുന്നു.
അർഹമായ അംഗീകാരം നൽകിയില്ലെന്ന് മാത്രമല്ല. പൂർണ്ണമായി തഴയുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് എൽജെഡി തിരഞ്ഞെടുപ്പ് പ്രചാരണം ബഹിഷ്കരിക്കുന്നത്. സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുടെ നിർദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതെന്ന് നേതാക്കൾ വ്യക്തമാക്കി.
കോതമംഗലത്ത് സീറ്റ് ധാരണയിൽ പരിഗണിക്കാമെന്നും കവളങ്ങാട് പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്നും പറഞ്ഞിരുന്നെങ്കിലും ഏകപക്ഷീയമായി സീറ്റുകൾ എടുത്തുമാറ്റപ്പെടുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു.