ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു; നിരവധിപേർക്ക് പരിക്ക്
കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക്ക് സിഗ്നലിൽ ഇടിച്ച് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. ട്രാവാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യൻ (33) ആണ് മരിച്ചത്. നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇടപ്പള്ളി - അരൂർ ദേശീയ പാതയൽ മാടവനയിൽ വെച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നലിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. കല്ലട ബസ്സാണ് മറിഞ്ഞത്. ബസ്സിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിലെ യാത്രക്കാരെ മുഴുവൻ പുറത്തെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില്ല് തകർത്താണ് ഇവരെ പുറത്തെടുത്തത്. ബസ് മുകളിലേക്ക് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ജിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി നാട്ടുകാർ പറഞ്ഞിരുന്നു.
ബെംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഏഴ് പേരെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ് സിഗ്നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്.
ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. നിരവധി പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications