കളമശ്ശേരിയില്‍ യുഡിഎഫ് ഭരണം വീഴും; എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ ബിജെപി... വിമതന്‍ മാറിയേക്കും
കൊച്ചി: കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ജയിച്ചത് ഇടതുപക്ഷമാണ്. നഗരസഭാ ഭരണമാകട്ടെ യുഡിഎഫിനും. മന്ത്രി പി രാജീവിന്റെ മണ്ഡലത്തില്‍ സുപ്രധാനമായ നീക്കത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കളമശ്ശേരി മുന്‍സിപ്പാലിറ്റി ഭരണം പിടിക്കാന്‍ പുതിയ അവസരം കൈവന്നിരിക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുകയാണ് എല്‍ഡിഎഫ്.
രണ്ടു സീറ്റുകളുടെ മാത്രം പിന്തുണയോടെ ഭരണം നടത്തുന്ന യുഡിഎഫിന്, ബിജെപി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പുതിയ വിവരങ്ങള്‍ എല്‍ഡിഎഫിന് സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ പ്രചാരണം കൊഴുപ്പിച്ച് പിന്തിരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...

കളമശേരി നഗരസഭയില്‍ ബിജെപിക്ക് ഒരംഗം മാത്രമാണുള്ളത്. ഈ അംഗത്തിന്റെ പിന്തുണ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫ് നില പരുങ്ങലിലാകും. ഭരണം വീഴാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഒരു വിമതനെ നേരത്തെ എല്‍ഡിഎഫ് കൂടെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതില്‍ ഘടകമാകുക എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

42 അംഗ കൗണ്‍സിലാണ് കളമശേരി നഗരസഭയിലേത്. രണ്ട് വിമതരുടെ പിന്തുണയോടെയാണ് യുഡിഎഫിന്റെ ഭരണം. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഒരംഗം കൂടി പിന്തുണച്ചാല്‍ പ്രമേയം പാസാകും. ബിജെപി പിന്തുണ നല്‍കാനുള്ള സാധ്യതയുണ്ട് എന്നാണ് പുതിയ വിവരം.

ഡിസംബര്‍ അഞ്ചിനാണ് അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കുക. എന്തുവില കൊടുത്തും പ്രമേയം പാസാക്കിയെടുക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. പി രാജീവിന്റെ മണ്ഡലം എന്ന പ്രാധാന്യമാണ് സിപിഎം നല്‍കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ജില്ലയിലുണ്ടാകുന്ന തിരിച്ചടി എങ്ങനെയും തടയുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും കരുനീക്കം നടത്തുന്നുണ്ട്.

കൂറു മാറിയ അംഗത്തിന് വൈസ് ചെയര്‍മാന്‍ പദവി സിപിഎം വാഗ്ദാനം ചെയ്തുവെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിലെ തര്‍ക്കമാണ് അവിശ്വാസ പ്രമേയത്തിന് ഇടയാക്കിയത്. അവിശ്വാസ പ്രമേയത്തില്‍ ആര്‍ക്കും വോട്ട് ചെയ്യാമെന്ന് സിപിഎം പറയുന്നു. അതൊരു രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമല്ലെന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ യുഡിഎഫ് മറിച്ചാണ് പറയുന്നത്.
സൗദിയില്‍ കൂറ്റന്‍ വിമാനത്താവളം വരുന്നു; ഒരു ലക്ഷം പേര്‍ക്ക് ജോലി... പ്രഖ്യാപിച്ച് ബിന്‍ സല്മാന്

സംസ്ഥാനത്ത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നു എന്നാണ് യുഡിഎഫ് പ്രചാരണം. വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ അദാനിക്ക് വേണ്ടി ബിജെപിയും സിപിഎമ്മും ഒരുമിച്ചത് നാം കണ്ടതാണ്. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ചാണ് സമരം നടത്തുന്നതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇതേ നിലപാട് തന്നെയാണ് കളമശ്ശേരിയിലും സിപിഎം സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.