കൊച്ചിനഗരം ഒന്നാകെ മഴയില്‍ മുങ്ങി, എന്താണ് മേഘവിസ്‌ഫോടനം; നിമിഷ നേരത്തില്‍ പെയ്തത് 98 മില്ലിമീറ്റര്‍
കൊച്ചി: തകര്‍ത്ത് പെയ്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് കൊച്ചി നഗരം. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. കുസാറ്റ് അധികൃതര്‍ പറയുന്നത് ഇത്ര ശക്തമായി പെയ്ത മഴയ്ക്ക് പിന്നില്‍ മേഘവിസ്‌ഫോടനം ആണെന്നാണ്. കളമശ്ശേരിയിലാണ് അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്.
ഒന്നര മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ എസ് അഭിലാഷ് പറയുന്നത്. രാവിലെ എട്ടരയ്ക്ക് ശേഷം കൊച്ചിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

14 കിലോമീറ്റര്‍ വരെയുള്ള മേഘങ്ങളാണിത്. രാവിലെ 9.10 മുതല്‍ 10.10 വരെ കുസാറ്റാലി ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനില്‍ 100 മില്ലി മീറ്ററിനടുത്താണ് മഴ രേഖപ്പെടുത്തിയത്. എന്നാല്‍ എന്താണ് മേഘവിസ്‌ഫോടനം എന്ന് നിങ്ങള്‍ക്കറിയാമോ?
എന്താണ് മേഘവിസ്‌ഫോടനം?
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനമെന്ന് വിശേഷിപ്പിക്കുന്നത്. മേഘ വിസ്‌ഫോടനം ഉണ്ടാകുന്ന സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാവും. ഇടിയും മിന്നലുമുണ്ടാവും. പ്രളയത്താല്‍ ഈ മേഖല വെള്ളത്തിലാവും.
മണിക്കൂറില്‍ നൂറ് മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ അതിനെ മേഘവിസ്‌ഫോടനമെന്ന് പറയാം. ഇതാണ് കളമശ്ശേരിയില്‍ സംഭവിച്ചതും. മേഘങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനങ്ങള്‍ ഉണ്ടാക്കുന്നത് എന്നാല്‍ എല്ലാ കുമുലോനിംബസ് മഴമേഘങ്ങളും മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നില്ല. ഇതിന്റെ വലിപ്പമാണ് ശക്തമായ മഴയുണ്ടാക്കുന്നത്.
മേഘങ്ങള്‍ക്ക് പ്രത്യേകത
മേഘവിസ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങള്‍ക്ക് പ്രത്യേകതകളുണ്ടായിരിക്കും. ഈര്‍പ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍ തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുമ്പോഴാണ് മേഘങ്ങള്‍ രൂപപ്പെടുന്നത്. അതില്‍ സവിശേഷ സ്വാഭാവമുള്ളതാണ് കുമുലോനിംബസ്.
ഈ മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍ നിന്നാരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവയെത്തുന്നു. ഇങ്ങനെയുണ്ടാകുന്ന കൂറ്റന്‍ മേഘങ്ങളാണ് മേഘവിസ്‌ഫോടനത്തിന് കാരണമുണ്ടാകുന്നത്. തുലാമഴയുടെ സമയത്തും കാലവര്‍ഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും.
കൊച്ചിയിലുണ്ടായത് മേഘവിസ്‌ഫോടനം
കൊച്ചിയില്‍ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ കണ്ടത് മണ്‍സൂണ്‍ മഴമേഘങ്ങളെല്ലന്നും മണ്‍സൂണ്‍ എത്തുന്നതിന് മുമ്പുള്ള മേഘങ്ങളാണ് കുസാറ്റ് പറയുന്നു. പശ്ചിമ തീരത്ത് കാറ്റ് വര്‍ധിച്ചതാണ് മേഘങ്ങള്‍ കൂമ്പാരങ്ങളാകാന്‍ കാരണം.
കൊച്ചിയുടെ സമീപ പ്രദേശത്ത് ഒന്‍പത് സെന്റീമീറ്ററോളം മഴ പെയ്തതായിട്ടാണ് കുസാറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ഡ്രെയിനജ് സംവിധാനം ഇതേ തുടര്‍ന്നുണ്ടാവുന്ന വലിയ വെള്ളക്കെട്ടുകളെ നേരിടാവുന്നതല്ല. അതുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടാകുന്നത്.












Click it and Unblock the Notifications