കാര്‍ലോസ് ടെവസിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍താരം കാര്‍ലോസ് ടെവസിന്റെ പിതാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു. ആയുധധാരികളായ ഒരു സംഘം അക്രമികളാണ് ടെവസിന്റെ പിതാവ് സെഗ്യൂഡോ ടെവസിനെ തട്ടിക്കൊണ്ടുപോയത്. പണത്തിനുവേണ്ടിയായിരുന്നു ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് ഇവരുടെ ഫാമിലി അഡ്വക്കറ്റ് ഗുസ്താവോ ഗലാസ്സോ അറിയിച്ചു.
3000 പൗണ്ട് നല്‍കിയശേഷം ടെവസിന്റെ പിതാവിനെ മോചിപ്പിച്ചതായി പിന്നീട് ഒരു അര്‍ജന്റീനന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പണം നല്‍കിയ കാര്യം കുടുംബാംഗങ്ങളോ പോലീസോ സ്ഥിതീകരിച്ചിട്ടില്ല. പിതാവിനെ മോചിപ്പിക്കാനായി ടെവസ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ നിന്നും അനുമതി വാങ്ങി അര്‍ജന്റീനയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയിരുന്നെങ്കിലും മോചന വാര്‍ത്ത വന്നതോടെ യാത്ര റദ്ദാക്കി.

ചൊവ്വാഴ്ച രാവിലെ തന്റെ കാറുമായി പുറത്തിറങ്ങിയതായിരുന്നു സെഗ്യൂഡോ ടെവസ്. അദ്ദേഹം കാറില്‍ സഞ്ചരിക്കുന്നത് ചില സുഹൃത്തുക്കള്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇദ്ദേഹത്തിന്റെ കാര്‍ ബ്യണസ് ഐറിസിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നും കണ്ടെത്തി. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ സ്ഥിതീകരിച്ചത്.
ബന്ധുക്കള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. അതിനിടയില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ചിലര്‍ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തുക നല്‍കി ബന്ധുക്കള്‍ ടെവസിനെ മോചിപ്പിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് സെഗ്യൂഡോ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications