ഇടുക്കിയിൽ ജോസഫിന്റെ കൊലപാതകം: രക്തവും പതയും കലർന്ന ദ്രാവകം! പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇടുക്കി : മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ജോസഫിന്റെ ശ്വാസകോശത്തിൽ രക്തവും പതയും കലർന്ന ദ്രാവകം കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, മരണപ്പെട്ട ജോസഫിന്റെ തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കുന്ന ഭാഗം തകർന്നു പോയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മോഷണ ശ്രമത്തിനായി എത്തിയ ജോസഫ് വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഇയാളെ സമീപത്തുള്ള വീടിന് മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം , സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു ചെരിപ്പും കുടയും പോലീസ് കണ്ടെത്തിയിരുന്നു.
ഇത് ജോസഫിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, സ്ഥലത്തുനിന്നും ലഭിച്ച ആയുധങ്ങളും തൊപ്പിയും ടോർച്ചും മരണപ്പെട്ട ജോസഫിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനുമായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. ശേഷം, ആയുധവും ടോർച്ചും തൊപ്പിയും എവിടെ നിന്നെത്തി എന്ന അന്വേഷണവും ആരംഭിച്ചു.
കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോൻ , ഉടുമ്പൻചോല സി ഐ ഫിലിപ് സാം , നെടുങ്കണ്ടം സി ഐ ബി എസ് ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ല പൊലീസ് മേധാവി ആർ കറുപ്പുസ്വാമിയായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
അതേസമയം , മരണപ്പെട്ട ജോസഫ് മോഷ്ടിക്കുന്ന വ്യക്തിയല്ല എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന വാദം. ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്. വീട്ടുകാർ ഉണർന്നപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായാണ് വിവരം.
എന്നാൽ , ഇയാളുടെ കഴുത്തിന് പിന്നിൽ രാജേന്ദ്രൻ ബലമായി പിടിച്ചിരുന്നു. ഇതിന് പിന്നാലെ ജോസഫ് നിലത്ത് വീണു. എന്നിട്ടും, രാജേന്ദ്രൻ കഴുത്തിലെ പിടി വിടാൻ തയ്യാറായില്ല. കൈമടക്കിനുള്ളിൽ അകപ്പെട്ട് കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസ തടസമുണ്ടായതാണ് ജോസഫ് മരണപ്പെടാൻ കാരണമായതെന്നാണ് വിവരം.












Click it and Unblock the Notifications