ഇടുക്കിയിൽ യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ; പോലീസ് അന്വേഷണത്തിൽ പിടിയിലായത് ഭാര്യയും മകനും
തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് വണ്ടിപ്പെരിയാർ വള്ളിക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ ഉറങ്ങിക്കിടന്ന സമയത്ത് വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്.
ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചത് എന്ന് അബ്ബാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി (39) മകൻ മുഹമ്മദ് ഹസൻ ന് (19) എന്നിവർ സംഭവം വണ്ടിപ്പെരിയാറിൽ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ബാസിന്റെ ഭാര്യയെയും മകനെയും പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:
കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം എന്ന വണ്ണം ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തി.
ക്വട്ടേഷൻ സംഘം സ്ഥലത്ത് എത്തുന്ന സമയത്ത് അബ്ബാസ് താമസിക്കുന്ന വീട് കാണിക്കുന്നതിനായി ആഷിറയും മകനും വണ്ടിപ്പെരിയാർ ടൗണിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ക്വട്ടേഷൻ സംഘം എത്തിയ വാഹനത്തിൽ ഇവർക്കൊപ്പം ആഷിറയും മകനും വള്ളക്കടവിൽ എത്തി വീട് കാണിക്കുകയും ചെയ്തു.
ആക്രമണത്തിന് ശേഷം ആഷിറയും മകനും തിരികെ എറണാകുളത്തെ ആഷിറയുടെ പിതാവിന്റെ ഭവനത്തിലേക്ക് പോവുകയായിരുന്നു. പിന്നീട് അബ്ബാസിന് നേരെ ആക്രമണം ഉണ്ടായി എന്ന് നാട്ടുകാർ ഇവരെ അറിയിച്ചു. പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അബ്ബാസിന്റെ നാടായ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അബ്ബാസിനെ സഹായിക്കുന്നതിനായി ഭാര്യയും മകനും എത്തി. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. ആഷിറയുടെ സഹോദരനടക്കം 7 പേർ ആക്രമണത്തിന് പിന്നിൽ ഉള്ളതായി പോലീസ് പറയുന്നു.
മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു,. പീരുമേട് ഡി വൈ എസ് പി ജെ കുര്യാക്കോസിന്റെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ എസ് എച്ച് ഒ ഹേമന്ദ് കുമാർ, എസ്ഐമാരായ അജീഷ്, ടി വി രാജ്മോഹൻ, എസ്എസ്ഐമാരായ എസ് സുബൈർ, കെജി രാജേന്ദ്രൻ, വനിതാ സിപിഒ ലിജിത വി തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു












Click it and Unblock the Notifications