'രാത്രി പെണ്ണിനെയും കൂട്ടി എവിടെ പോകുന്നു'; മൂവാറ്റുപുഴയില്‍ ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം
മൂവാറ്റുപുഴ: കൈക്കുഞ്ഞുമായെത്തിയച ദമ്പതികള്‍കത്ക് നേരെ സദാചാര ആക്രമണം. മൂവാറ്റുപുഴ സ്വദേശികളായ ഡെനിത്തിനും ഭാര്യ റീനയ്ക്കും കൈക്കുഞ്ഞിനും നേരെയാണ് യുവാക്കളുടെ സദാചാര ആക്രമണം. സംഭവത്തില്‍ മൂവാറ്റപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. എം ജി യൂണിവേഴ്‌സറ്റില്‍ ക്ലെറിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഡെനിത്ത്. ഇന്നലെ രാത്രി 10.30 ഓടെ മൂവാറ്റുപുഴ കാകതി പള്ളിയുടെ സമീപത്ത് വച്ചാണ് സംഭവമുണ്ടായത്.

കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി കാറിന് പുറത്തേക്ക് ഇറങ്ങിയ ദമ്പതികള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ യുവാക്കള്‍ ദമ്പതികളെ പിന്തുടരുകയും ശേഷം വണ്ടി തടഞ്ഞുനിര്‍ത്തുകയുമായിരുന്നെന്ന് ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഡെനിത്ത് പറഞ്ഞു.

വണ്ടി തടഞ്ഞതിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തിനെയും കൂട്ടി സ്ഥലത്തേക്ക് വിളിച്ചുവരുത്തുരയായിരുന്നു. കൂടെ വന്ന സുഹൃത്ത് ഷര്‍ട്ട് ധരിച്ചിരുന്നില്ലെന്നും പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും ഇവര്‍ പറയുന്നു. യുവാക്കള്‍ ചേര്‍ന്ന് ദമ്പതികള്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. കാറിലിരുന്ന ഡെനിത്തിന്റെ ഭാര്യയെ പുറത്തേക്കിറക്കി വിടാനും ആവശ്യപ്പെട്ടു.

തങ്ങളുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയെന്നും നമ്പര്‍ പ്ലേറ്റ് ഉള്‍പ്പടെയുള്ളവ പ്രതികള്‍ അടിച്ചു തകര്‍ത്തെന്നും പരാതിക്കാര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച യുവാക്കളുടെ പെരുമാറ്റത്തില്‍ ഭയന്ന് ഭാര്യ കരഞ്ഞെന്നും ആരോപണമുണ്ട്. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ ദമ്പതികള്‍ക്ക് സഹായം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല.

രാത്രി പെണ്ണിനെയും കൂട്ടി എവിടെ പോകുന്നെന്നും എന്താണ് പരിപാടിയെന്നും ചോദിച്ചായിരുന്നു ആക്രമണം. കാറിന്റെ ഡോര്‍ വലിച്ചു തുറക്കാനും പ്രതികള്‍ ശ്രമിച്ചു. അര മണിക്കൂറോളം ഇവരെ റോഡില്‍ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞു. ഇവര്‍ പൊലീസിന് വിളിച്ചതോടെയാണ് പ്രതികള്‍ സ്ഥലത്ത് നിന്ന് മുങ്ങിയത്.

ആക്രമണത്തിനിരയായ ദമ്പതികള്‍ രാത്രി 12 മണിയോടെ മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. രണ്ട് പേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications