വീടൊഴിയുന്നതിനെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിക്കും ഭര്‍തൃപിതാവിനും മര്‍ദ്ദനമേറ്റതായി പരാതി
തൊടുപുഴ: വീട് ഒഴിഞ്ഞ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ ഗര്‍ഭിണിക്കും ഭര്‍തൃപിതാവിനും മര്‍ദ്ദനമേറ്റതായി പരാതി. പടിഞ്ഞാറേ കോടിക്കുളം കരയാമ്പുറത്ത് ശിവദാസനും മരുമകള്‍ എം വിനിതയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരുടെ പരാതി പ്രകാരം പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭ മുന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍, ഭര്‍ത്താവ്, കെട്ടിട ഉടമസ്ഥ തുടങ്ങിയവര്‍ക്ക് എതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ വീട്ടുടമസ്ഥര്‍ ബന്ധുക്കളാണ് എന്നും പ്രശ്‌നം അന്വേഷിക്കാന്‍ ചെല്ലുക മാത്രമാണ് ചെയ്തത് എന്നുമാണ് മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണിയുടെ വിശദീകരണം. വീട്ടില്‍ പ്രവേശിക്കരുത് എന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ട്. ഇത് പാലിക്കാതെ പ്രശ്‌നമുണ്ടാക്കിയ ശിവദാസനും കുടുംബവും വ്യാജ പരാതിയാണ് നല്‍കിയിരിക്കുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു.

ശനിയാഴ്ച വൈകീട്ടായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചെങ്ങാംതടത്തില്‍ മാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് പരാതിയില്‍ പറഞ്ഞിരിക്കുന്ന കെട്ടിടം എന്ന് പൊലീസ് പറയുന്നു. ഇവിടെ ശിവദാസന്റെ മകന്‍ നിഖില്‍ കൗണ്‍സലിംഗ് സെന്റര്‍ നടത്തുന്നുണ്ടായിരുന്നു. മാത്തുക്കുട്ടി മരിച്ചതിന് ശേഷം ഈ കെട്ടിടം ഒഴിയണം എന്ന് മകള്‍ നിഖിലിനോട് ആവശ്യപ്പെട്ടു. ഈ തര്‍ക്കം ഒടുവില്‍ കോടതി വരെ എത്തി.
കോടതി ഇത് താത്കാലികമായി തടഞ്ഞ് ഉത്തരവിടുകയും ചെയ്തു. എന്നിട്ടും നിഖില്‍ വീടൊഴിഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത് എന്നും ഇതിനിടെ തന്നെയും മരുമകളെയും മര്‍ദിച്ചു എന്നുമാണ് നിഖിലിന്റെ അച്ഛന്‍ ശിവദാസന്‍ പറയുന്നത്. മാത്തുക്കുട്ടി വീട് നവീകരിക്കാന്‍ തങ്ങളെ ഏല്‍പ്പിച്ചിരുന്നു. അതിന് ചെലവായ തുക തരാത്തതാണ് പ്രശ്‌നകാരണം എന്നും ശിവദാസ് പറയുന്നു. എന്നാല്‍ ചെലവായ തുക മുഴുവന്‍ നല്‍കിയിട്ടുണ്ടെന്നാണ് മറുപക്ഷത്തിന്റെ വിശദീകരണം.












Click it and Unblock the Notifications