പിടി തോമസിന്റെ അന്ത്യാഭിലാഷം പൂർത്തീകരിച്ചു: ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിച്ചു
കട്ടപ്പന: അന്ത്യാഭിലാഷം പോലെ പിടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിച്ചു. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന് പിടി തോമസ് തന്റെ ഉറ്റ സുഹൃത്തായ ഡിജോ കാപ്പനോട് പറയുകയായിരുന്നു. തുടർന്ന് പി ടി തോമസിന്റെ അന്ത്യാഭിലാഷ പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുകയായിരുന്നു. എറണാകുളത്ത് നിന്നും പുറപ്പെട്ട പിടി തോമസിന്റെ ചിതാഭസ്മ സ്മൃതിയാത്ര വൈകിട്ട് നാലരയോടുകൂടി ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മുതിർന്ന നേതാക്കളാണ് സ്മൃതിയാത്രക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി. മതാചാര പ്രകാരമല്ല ചടങ്ങുകള്‍ നടന്നതെങ്കിലും സെന്റ് ജോസഫ് ദേവാലയത്തിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ ചിതാഭസ്മം കുറച്ചുനേരം വെച്ചു. ആദരവ് അർപ്പിക്കാന്‍ ധാരാളം ആളുകള്‍ ഇവിടേയും കാത്ത് നിന്നിരുന്നു. അതിന് ശേഷം ചിതാഭസ്മം അടങ്ങിയ മണ്‍കുടം കുടുംബ കല്ലറയില്‍ അടക്കം ചെയ്യുകയായിരുന്നു. ചടങ്ങിനു വേണ്ട ക്രമീകരണങ്ങള്‍ പള്ളി അധികൃതര്‍ ചെയ്തിരുന്നു. മതാചാര പ്രകാരമുള്ള ചടങ്ങാല്ലാതിരുന്നിട്ട് കൂടി പിടി തോമസിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഇടുക്കി രൂപത അനുമതി നല്‍കുകയായിരുന്നു. രൂപത നല്‍കിയ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൃത്യമായി പാലിച്ചു.

ചിതാഭസ്മം അമ്മയുടെ ശവക്കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ചില മാർഗ്ഗ നിർദേശങ്ങള്‍ ഇടുക്കി രൂപത പുറപ്പെടുവിച്ചിരുന്നു. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിർദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്. അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടെന്നായിരുന്നു ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ ഔദ്യോഗികമായി തന്നെ അറിയിച്ചത്.
സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങില്‍ പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത ഉണ്ടായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നില്‍ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും സഭ മുന്നോട്ട് വെക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സഭ നിർദേശിച്ചിരുന്നു.












Click it and Unblock the Notifications