എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കെഎസ്‌യു ജില്ലാ നേതാവ് അറസ്റ്റില്‍
ഇടുക്കി: എന്‍ജിനിയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ കെഎസ്‌യു നേതാവ് അറസ്റ്റില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസ് ആണ് അറസ്റ്റിലായത്. നിഖില്‍ പൈലി, ടോണി തേക്കിലക്കാടന്‍, ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയ് തുടങ്ങി അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇനി ഒരാളെ കൂടി പിടിക്കാനുണ്ടെന്നാണ് വിവരം. അതേസമയം, ധീരജ് കൊലക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തുവന്നു. അറസ്റ്റിലായവര്‍ നിരപരാധികളാണെങ്കില്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് പേര്‍ ചേര്‍ന്ന് 100 പേരെ ആക്രമിച്ചു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്ന് സതീശന്‍ പ്രതികരിച്ചു.

കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ പലതും പ്രസക്തമാണ്. നിരപരാധികളാണെങ്കില്‍ അവരെ സംരക്ഷിക്കും. കുറ്റവാളികളാണെങ്കില്‍ സംരക്ഷിക്കില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടട്ടെ. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ വ്യക്തമാകും. എന്താണ് അവിടെ സംഭവിച്ചതെന്ന് ആരും പറഞ്ഞിട്ടില്ല. പുറത്തുനിന്നെത്തിയ ആറ് പേര്‍ ചേര്‍ന്ന് നൂറ് പേരെ ആക്രമിച്ചു എന്നാണോ പറയുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.
ആറ് പേര്‍ പിടിയിലായ കേസില്‍ ഇനി അഞ്ചാം പ്രതിയാണ് പിടിയിലാകാനുള്ളത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. നിഖില്‍ പൈലിയും ജെറിന്‍ ജോജോയും. സംഭവം നടന്ന ഉടനെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ഇവരെ പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെഞ്ചിനേറ്റ കുത്താണ് ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ല. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ എന്നാണ് പോലീസ് നിലപാട്.
നിഖില്‍ പൈലിയാണ് കുത്തിയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം നേതാക്കളും ദൃക്‌സാക്ഷികളും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കുത്തിയ ശേഷം ഇയാള്‍ കടന്നുകളഞ്ഞെങ്കിലും ബസ് യാത്രയ്ക്കിടെ പിടിയിലായി എന്നാണ് പോലീസ് പറഞ്ഞിരുന്നത്.
ക്യാമ്പസിന് പുറത്തുവച്ചാണ് ധീരജിനെ കുത്തിയത്. മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. ഇടുക്കി ജില്ലാ പഞ്ചായത്തംഗം സത്യനാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നിഖില്‍ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടു എന്നാണ് സത്യന്‍ പറഞ്ഞത്.












Click it and Unblock the Notifications