കുടുംബം നോക്കാതെ കുടിച്ചു മരിച്ചവർക്ക് 10 ലക്ഷം, ഇതാണോ ദ്രാവിഡ സംസ്‌കാരം? ചോദ്യവുമായി നടി കസ്‌തൂരി
ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ ഇരയായവർക്ക് ധനസഹായം നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നടി കസ്‌തൂരി. സ്വന്തം കുടുംബത്തെ പോലും നോക്കാതെ മദ്യപിക്കാൻ പോയവർക്ക് പത്ത് ലക്ഷം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കസ്‌തൂരി ഇതാണോ ദ്രാവിഡ സംസ്‌കാരമെന്നും ചോദിച്ചു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു നടിയോട് പ്രതികരണം.
കായികതാരങ്ങൾ, സൈനികർ, ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങിയ അർഹരായ ആളുകൾക്ക് ഇത്തരം ധനസഹായങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. "പത്ത് ലക്ഷം രൂപ. കായികതാരങ്ങൾക്കോ സൈനികർക്കോ ശാസ്ത്രജ്ഞർക്കോ കർഷകർക്കോ നൽകുന്ന തുകയാണോ? അല്ല പകരം, വീട്ടുകാരെ പരിഗണിക്കാതെ വ്യാജമദ്യം കഴിച്ച് മരിച്ചവർക്കാണ് ഇത് നൽകിയത്. ജോലി, മദ്യപാനം, 10 ലക്ഷം വാങ്ങൽ, ഇതാണോ ദ്രാവിഡ സംസ്‌കാരം?" അവർ ചോദിച്ചു.

കള്ളക്കുറിച്ചി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ കസ്‌തൂരി രംഗത്ത് വന്നിരിക്കുന്നത്. മുൻ ജഡ്‌ജി ജസ്‌റ്റിസ് ബി ഗോകുൽദാസ് ഉൾപ്പെട്ട ഏകാംഗ കമ്മീഷന്റെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം, തമിഴ്‌നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്‌ത വ്യക്തിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ചിന്നദുരൈ എന്നയാളെയാണ് പോലീസിന്റെ പിടിയിലായത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്‌തതെന്നാണ് പോലീസ് നിഗമനം.
ദുരന്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ കള്ളക്കുറിച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 പേരും, സേലത്തെ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17 പേരും, വില്ലുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് പേരും, പുതുച്ചേരി ജവഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ മൂന്ന് പേരുമാണ് മരണപ്പെട്ടത്.
ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് കർശന നടപടി സ്വീകരിച്ചു വരികയാണ്. സെൻട്രൽ സോണിൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 342 കേസുകൾ പോലീസ് ഫയൽ ചെയ്‌തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ തഞ്ചാവൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.












Click it and Unblock the Notifications