11 തവണ എംഎൽഎ, 5 തവണ മുഖ്യമന്ത്രി; വിടപറഞ്ഞത് പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായൻ
പ്രകാശ് സിംഗ് ബാദലിന്റെ വിയോഗത്തോടെ പഞ്ചാബിന് നഷ്ടമായത് പകരംവെയ്ക്കാനില്ലാത്ത നേതാവിനെ. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അതികായനായ നേതാവായ ബാദൽ സ്വാതന്ത്ര്യാനന്തര പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു.
രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ 8 നായിരുന്നു പഞ്ചാബിലെ മുക്സർ ജില്ലയിലുള്ള മലൗട്ടിൽ ബാദൽ ജനിച്ചത്. 1947 ല്‍ തന്റെ ഇരുപതാമത്തെ വയസിൽ ഗ്രാമത്തിലെ സർപഞ്ചായി തിരഞ്ഞെടുക്കപ്പെടതോടെയാണ് ബാദൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. 1957 ലായിരുന്നു ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, അതും കോൺഗ്രസിൽ ടിക്കറ്റിൽ.

1969 ലാണ് ബാദൽ മന്ത്രിയാകുന്നത്. 13 തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. അതിൽ 11 തവണയും വിജയിച്ചിരുന്നു. 5 തവണയാണ് ബാദാൽ മുഖ്യമന്ത്രിയായത്. 1970 ൽ നാൽപത്തിമൂന്നാം വയസ്സിലായിരുന്നു ആദ്യം മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. അന്ന് പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു ബാദൽ. പഞ്ചാബിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു. 90ാം വയസിലായിരുന്നു അദ്ദേഹം അവസാനം മുഖ്യമന്ത്രിയാകുന്നത്.
1970-71, 1977-80, 1997-2002, 2007-2012, 2012-2017 എന്നീ വർഷങ്ങളിലായിരുന്നു അദ്ദേഹം പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. 1972 ലും 77 ലും പഞ്ചാബിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. ബിജെപിയുമായി സഖ്യത്തിലെത്തിയ ബാദൽ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു.
1995 മുതൽ 2008 വരെയായിരുന്നു ബാദൽ ശിരോമണി അകാലി ദളിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചത്. പിന്നീട് അധ്യക്ഷ സ്ഥാനം തന്റെ മകൻ കൂടിയായ സുഖ്ബീർ സിംഗ് ബാദലിന് കൈമാറിയ ശേഷമായിരുന്നു അദ്ദേഹം വിശ്രമ ജീവിതം ആരംഭിച്ചത്. ശിരോമണി അകാലിദൾ തലവൻ എന്ന നിലയിൽ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയിലും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലും അദ്ദേഹം ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.
ബിജെപിയുമായി അടുത്ത ബന്ധം സൂക്ഷിച്ച ബാദൽ അവസാന നാളുകളിൽ മോദി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച 3 കാർഷിക ബില്ലിനെ ചൊല്ലി ബിജെപിയുമായുള്ള സഖ്യം ശിരോമണി അകാലി ദൾ ഉപേക്ഷിച്ച പിന്നാലെ മോദി സർക്കാരിനെതിരായ ബാദലിന്റെ പ്രതികരണങ്ങൾ ഏറെ ചർച്ചയായിരുന്നു.












Click it and Unblock the Notifications