പ്രതിപക്ഷം കൂട്ടത്തോടെ സുപ്രീംകോടതിയില്‍; നിര്‍ണായക നീക്കം, ഗുരുതരമായ ആരോപണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. 14 പാര്‍ട്ടികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മിക്ക പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടന്നിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ബിജെപിയുടെ എതിരാളികളെയാണ് സിബിഐയും ഇഡിയും ലക്ഷ്യമിടുന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും ഒഴിവാക്കുന്ന സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. സ്വതന്ത്രമായിട്ടാണ് എല്ലാ അന്വേഷണ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ജെഡിയു, ബിആര്‍എസ്, ആര്‍ജെഡി, എസ്പി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍സിപി, ഡിഎംകെ, ഇടത് പാര്‍ട്ടികള്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നുണ്ട്. എല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിട്ടുണ്ട് എന്നാണ് ഇതില്‍ വ്യത്യസ്തമാകുന്നത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയുണ്ടാക്കുന്നതില്‍ ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. മാത്രമല്ല, ഇവര്‍ക്കൊപ്പം തെലങ്കാനയില്‍ നിന്നുള്ള ബിആര്‍എസും ചേര്‍ന്നിട്ടുണ്ട്. ഹര്‍ജി സുപ്രീംകോടതി സ്വീകരിക്കുമോ, എന്നാണ് പരിഗണിക്കുക, സര്‍ക്കാരിന്റെ പ്രതികരണം എന്താകും തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.
രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയുടെ വിധി വരികയും അദ്ദേഹം അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. ബുധനാഴ്ചയാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വ്യാജമായ കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ എടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ മൗനിയാക്കാനാണ് ഈ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം ബിജെപി തള്ളുകയും ചെയ്യുന്നു.












Click it and Unblock the Notifications