15കാരിയെ തൃണമൂല്‍ പ്രാദേശികനേതാവും സംഘവും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
ജാല്‍പാഗുരി: പിതാവിനെതിരായ നാട്ടുക്കൂട്ടത്തിന്റെ വിധി നടപ്പാക്കുന്നത് തടഞ്ഞ പതിനഞ്ചുകാരിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ജാല്‍പാഗുരി ജില്ലയിലെ ദുപ്ഗുരിയിലാണ് ഗ്രാമവാസികളെ നടക്കിയ സംഭവംം അരങ്ങേറിയത്.
പെണ്‍കുട്ടിയുടെ പിതാവ് മറ്റൊള്‍ക്ക് നല്‍കാനുള്ള പണത്തെ ചൊല്ലിയായിരുന്നു നാട്ടുക്കൂട്ടം ശിക്ഷിക്കാന്‍ തീരുമാനിച്ചത്. ട്രാക്ടര്‍ വാങ്ങിയ പണം തന്നില്ലെന്ന് കാട്ടി നല്‍കിയ പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും കൗണ്‍സിലറുമായ നമിതാ റോയിയും ഇവരുടെ ഭര്‍ത്താവുമാണ് നാട്ടുക്കൂട്ടം കൂടുകയും അടി നല്‍കാന്‍ വിധിക്കുകയും ചെയ്തത്.

പിതാവിനെ അടിക്കുന്നത് പെണ്‍കുട്ടി തടഞ്ഞത് നാട്ടുക്കൂട്ടത്തെ രോഷാകുലരാക്കിയിരുന്നു. പെണ്‍കുട്ടിയെ സ്ഥലത്തുനിന്നും പിടിച്ചു മാറ്റുകയും ചെയ്തു. നാട്ടുക്കൂട്ടം പിരിഞ്ഞതിനുശേഷം പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പിറ്റേന്ന് രാവിലെ പതിനഞ്ചുകാരിയെ അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വിവസ്ത്രയായാണ് പെണ്‍കുട്ടിയുടെ ജഡം റെയില്‍വെ ട്രാക്കില്‍ കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായ മാനഭംഗത്തിനിരയായെന്ന് കണ്ടെത്തി. 12 ഓളം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 3 പേര്‍ പോലീസ് കസ്റ്റഡിയിലുള്ളതായും സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications