മണിക്കൂറിൽ 150 കി.മി വേഗത, 2500 യാത്രക്കാരെ വഹിക്കും, ഹൈഡ്രജൻ ട്രെയിൻ ഓട്ടം തുടങ്ങുന്നു, കേരളത്തിലോടുമോ?
ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ മാസം പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുകയാണ്. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് രാജ്യത്തിന് ഒരു മുന്നേറ്റം സമ്മാനിക്കുന്ന ഈ പദ്ധതിയിൽ ഒരു ട്രെയിനിൽ 2500 യാത്രക്കാരെ വരെ വഹിക്കാൻ സാധിക്കും. ജൻദ്, സോനിപത് എന്നിവിടങ്ങൾക്കിടയിലാണ് സർവീസ് നടത്തുക, ഇത് മലിനീകരണം കുറയ്ക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.
ജനുവരി 26-ന് ജിന്ദ്-സോണിപത് റൂട്ടിൽ 90 കിലോമീറ്റർ ദൂരത്തിലാണ് ട്രെയിലിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും. രണ്ട് ഡ്രൈവർ പവർ കാറുകളും (DPC) എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടുന്നതാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്ന ട്രെയിൻ ഘടന. ഇന്ത്യൻ റെയിൽവേ, RDSO, സ്പാനിഷ് പങ്കാളിയായ ഗ്രീൻ എച്ച് കമ്പനി എന്നിവ ചേർന്ന് കേന്ദ്ര സർക്കാരിന് സംയുക്ത റിപ്പോർട്ട് സമർപ്പിക്കും.
പരമ്പരാഗത ഡീസൽ എൻജിനുകളേക്കാൾ വലിയൊരു സാങ്കേതിക മുന്നേറ്റമാണ് ഹൈഡ്രജൻ ട്രെയിനുകൾ. വേഗതയും പരിസ്ഥിതി സൗഹൃദവും ഉറപ്പാക്കുന്ന ഇതിന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഏറ്റവും പുതിയ ഇലക്‌ട്രോകെമിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ച് 9 കിലോഗ്രാം വെള്ളത്തിൽ നിന്ന് 900 ഗ്രാം ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുന്നു. ഇത് ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ട്രെയിനിനെ പ്രാപ്തമാക്കും.

ട്രെയിനിന് 3,000 കിലോഗ്രാം ഹൈഡ്രജനും 7,680 കിലോഗ്രാം ഓക്സിജനും വഹിക്കാനുള്ള ശേഷിയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജൻ ഉത്പാദന പ്ലാന്റ് ജിന്ദിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു സ്പാനിഷ് കമ്പനിയുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചത്. തുടർച്ചയായ ഇന്ധന ഉത്പാദനം ഉറപ്പാക്കാൻ 1.5 മെഗാവാട്ട് വൈദ്യുതി വിതരണം ഉപയോഗിച്ച് പ്ലാന്റ് പൂർണമായി പ്രവർത്തിക്കുന്നു.
ട്രെയിനിനായുള്ള കോച്ചുകൾ ഷാക്കൂർ ബസ്തി സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇതിൽ നാല് ഡ്രൈവർ പവർ കാർ കോച്ചുകളും 16 യാത്രാ കോച്ചുകളും ഉൾപ്പെടുന്നു; ഇവ ഘട്ടം ഘട്ടമായിട്ടായിരിക്കും സർവീസിലേക്ക് കൊണ്ടുവരിക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ കോച്ചുകൾ നിർമ്മിച്ചത്.
ഒരു ആധുനിക മെട്രോയുടെ കാര്യക്ഷമതയും സൗകര്യങ്ങളും ഹൈഡ്രജൻ ട്രെയിനിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മുൻവശത്തും പിൻവശത്തുമായി 1200 HP മോട്ടോർ എഞ്ചിനുകളുള്ള രണ്ട് ഡ്രൈവർ പവർ കാറുകൾ (DPC) ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിൻ പ്രവർത്തിപ്പിക്കാനാവശ്യമായ 3750 ആമ്പിയർ DC കറന്റ് ഇന്ധന സെല്ലുകൾ ഉത്പാദിപ്പിക്കുന്നു.
എയർ കണ്ടീഷനിംഗ്, ലൈറ്റിംഗ്, ഫാനുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഓൺബോർഡ് സൗകര്യങ്ങളും ഹൈഡ്രജൻ ഊർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കായി ഇരുവശത്തും ഓട്ടോമാറ്റിക് വാതിലുകളും ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനങ്ങളുമുൾപ്പെടെയുള്ള ആധുനിക ഡിസൈനുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
റൂട്ടിലെ എംഎൽഎയും ഹരിയാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ഡോ. കൃഷൻ മിദ്ദ ഈ പദ്ധതിയെ വ്യക്തിപരമായ അഭിമാനമായി വിശേഷിപ്പിച്ചു. "രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജൻ പ്ലാന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ ജിന്ദ് ഇപ്പോൾ അഭിമാനിക്കുന്നു. ഇത് ഹരിയാന സംസ്ഥാനത്തിന് ഒരു വലിയ മുന്നേറ്റം മാത്രമല്ല, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ രാജ്യത്തിന് ഒരു മാതൃക കൂടിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications