19 ലക്ഷം വോട്ടിങ് മെഷീൻ കാണാതായ സംഭവം; തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും സ്പീക്കർ വിശദീകരണം തേടും
ബെംഗളുരു: 19 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് വിശദീകരണം തേടുമെന്ന് സ്പീക്കർ വിശ്വേശ്വർ ഹെഡ്ജെ കാഗേരി. 2016-18 കാലയളവിലാണ് സംസ്ഥാനത്ത് നിന്ന് 19 ലക്ഷത്തോളം ഇവിഎം മെഷീനുകള്‍ കാണാതായത്.
സംസ്ഥാനത്ത് നിന്ന് കാണാതായ ഇവിഎമ്മുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികളെ കർണാടക നിയമസഭയിലേക്ക് വിളിക്കണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.കെ പട്ടീലിന്റെ ആവശ്യം. ഇതിന് മറുപടി പറയുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് വിശദീകരണം തേടുമെന്ന് കർണാടക സ്പീക്കർ വിശ്വേശ്വർ ഹെഡ്ജെ കാഗേരി വിശദീകരിച്ചത്.

തെരഞ്ഞെടുപ്പിൽ നടക്കുന്ന ക്രമക്കേടുകളും കൃത്രിമത്വവും തടയുന്നതിനായി തെരഞ്ഞെടുപ്പിൽ നടപ്പിൽ കൊണ്ടുവരാൻ സാധിക്കുന്ന പരിഷ്കാരങ്ങളപ്പറ്റിയുള്ള ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു എംഎൽഎയുടെ പ്രതികരണം.ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ 9.3 ലക്ഷം ഇവിഎമ്മുകളുമാണ് കാണാതായത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ വിഷയത്തിൽ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഇഎൽ വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇസിഐഎൽ 9.3 ലക്ഷം ഇവിഎമ്മുകളും കാണാതായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഈ ഇവിഎമ്മുകളെല്ലാം എവിടെപ്പോയി?. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി ഉദ്ധരിച്ചാണ് ഇക്കാര്യങ്ങൾ പാട്ടീൽ സൂചിപ്പിച്ചത്.

അതേ സമയം 2014ൽ 62,183 ഇവിഎമ്മുകൾ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയതായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീടൊരിക്കലും അവരെ സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നത്. 'എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇവിഎമ്മുകളെ കുറിച്ചുള്ള സംശയങ്ങൾ വർധിക്കുന്ന രീതിയിലേക്ക് മാറും. തന്റെ ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തെളിയിച്ചാൽ ഏത് ശിക്ഷയ്ക്കും തയ്യാറാണെന്നും പാട്ടീൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ സ്പീക്കർക്ക് അധികാരമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് മുൻ സ്പീക്കർ കെ ആർ രമേഷ് കുമാർ പറഞ്ഞു. ഇവിഎമ്മുകൾ കാണാതായത് സംബന്ധിക്കുന്ന രേഖകൾ നൽകാൻ പാട്ടീലിനോട് കാഗേരി ആവശ്യപ്പെട്ടു 'തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വ്യക്തത ലഭിക്കാൻ ശ്രമിക്കുമെന്നും നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications