യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം കശ്മീരില്‍: ചോദ്യം ചെയ്ത് കോണ്‍ഗ്രസും സീതാറാം യെച്ചൂരിയും
ശ്രീനഗര്‍: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി മൂന്ന് മാസത്തിന് ശേഷമാണ് 27 അംഗ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം. പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം ഭരണ മുന്‍ഗണനകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം കശ്മീര്‍ സന്ദര്‍ശിക്കുന്ന ആദ്യ സംഘമാണിത്. ആഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.
ബാഗ്ദാദിയുടെ അടിവസ്ത്രം കൈക്കലാക്കി ഡിഎന്‍എ പരിശോധന; ട്രംപിനെ തള്ളി കുര്‍ദുകള്‍!!

ജനാധിപത്യത്തെ അപമാനിക്കുന്നു?
യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് സന്ദര്‍ശന അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ നേതാക്കളെ തടഞ്ഞ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് അനുമതി നല്‍കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വാഷിംഗ്ടണില്‍ വെച്ച് നടന്ന യുഎസ് കോണ്‍ഗ്രസില്‍ വെച്ച് പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്മീരിലെ സാഹചര്യം സംബന്ധിച്ച് ചില പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിനിധിസംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം. കശ്മീര്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍ നിന്നുള്ള പ്രതികരണം അറിയിക്കണമെന്ന ആവശ്യമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.

അജിത് ഡോവലുമായി കൂടിക്കാഴ്ച
കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി 27 പേരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇന്ത്യ ചൂണ്ടിക്കാണിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റേത് വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാണിച്ച ഡോവല്‍ താഴ് വരയിലെ ലാന്‍ഡ് ലൈനുകളും മൊബൈല്‍ കണക്ഷനുകളും 100 ശതമാനവും പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.

നിയന്ത്രണങ്ങളില്ലെന്ന്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും നിലവിലില്ല. അവശ്യ സാധനങ്ങള്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നത് സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളാണ്. കശ്മീരിലെ സമ്പദ് വ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രതിനിധി സംഘം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരുമ്പുമറ നീക്കണമെന്ന്
കശ്മീരും ലോകവും തമ്മിലുള്ള ഇരുമ്പുമറ മാറ്റേണ്ടതുണ്ടെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മെഹബൂബ മുഫ്തി ട്വീറ്റില്‍ കുറിച്ചത്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഉള്‍പ്പെടെയുള്ള കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ് കഴിയുന്നത്. കശ്മീരിലെത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് പ്രദേശവാസികളമായി സംവദിക്കാനുള്ള അവസരമുണ്ടാകുമെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തുു. മെഹബൂബ വീട്ടുതടങ്കലിലായതോടെ മകളാണ് ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. കശ്മീരിലെ മാധ്യമങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നും മകള്‍ ഇല്‍റ്റിജ ട്വീറ്റ് ചെയ്തിരുന്നു.

നിരന്തരം അനുമതി നിഷേധിച്ചു
സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയും പ്രതിനിധി സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കിയതിന് ചോദ്യയ ചെയ്ത് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും എംപിമാരെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതില്‍ നിരന്തരം വിലക്കിയ സര്‍ക്കാര്‍ എന്തുകൊണ്ട് വിദേശ പ്രതിനിധി സംഘത്തിന് അനുമതി നല്‍കിയെന്നാണ് യെച്ചൂരി ചോദിക്കുന്നത്.എനിക്ക് ശ്രീനഗറില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് സുപ്രീം കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അനുമതി നല്‍കിയപ്പോള്‍ മാത്രമാണ്. ഇന്ത്യന്‍ എംപിമാര്‍ക്ക് പോലും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയതിന് ശേഷം യെച്ചൂരിയും ഡി രാജയും കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് യൂസ്ഫ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി അനുമതിയോടെയാണ് യെച്ചൂരി കശ്മീരിലെത്തിയത്.