കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ മന്ത്രവാദി നാലുവയസുകാരിയെ ബലി നല്‍കി
തിങ്കളാഴ്ച വൈകിട്ട് ജില്ലയിലെ രത്‌നപുര്‍ തേയിലത്തോട്ടത്തിനടുത്തുള്ള കാട്ടില്‍വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ദിസ്പുര്‍: കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായി നാലുവയസുകാരിയെ ബലി നല്‍കിയതായി റിപ്പോര്‍ട്ട്. അസമിലെ ചരായീദെവ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒക്ടോബര്‍ 24 മുതല്‍ ആദിവാസി വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജില്ലയിലെ രത്‌നപുര്‍ തേയിലത്തോട്ടത്തിനടുത്തുള്ള കാട്ടില്‍വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
തലയും കൈകളും വേര്‍പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടില്ലെന്നാണ് പ്രാധമിക നിഗമനം. മന്ത്രവാദത്തിന്റെ പേരിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രദേശത്തെ ഹനുമന്‍ ഭുമിജ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണ് പെണ്‍കുട്ടിയെ ക്രൂരമായി കുരുതികൊടുത്തത്.

ഹനുമന്‍ ഭുമിജിനെയും മന്ത്രവാദം നടത്തിയയാളുടെ സഹായി ആരിഫ് അലിയെയും പോലീസ് പിടികൂടി. പ്രധാനപ്രതി അബ്ദുള്‍ ജലീല്‍ ഇപ്പോള്‍ ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് ഭുമിജ് മന്ത്രവാദി അബ്ദുള്‍ ജലീലിനെ സമീപിക്കുകയായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ എത്തിക്കാന്‍ ആവശ്യപ്പെട്ടത്.
പെണ്‍കുട്ടിയെ കുരുതികൊടുത്താല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കുമെന്ന് അബ്ദുള്‍ ജലീല്‍ ഭുമിജിനോട് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത ഫുകന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications