ലോക്‌സഭയില്‍ ഇന്നും കൂട്ട നടപടി; 49 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, മൊത്തം 141
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി. 49 എംപിമാരെ സസ്‌പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിലും എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും ഇതുവരെ സസ്‌പെന്റ് ചെയ്ത അംഗങ്ങളുടെ എണ്ണം ഇതോടെ 141 ആയി.
എന്‍സി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, എന്‍സിപി അംഗം സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പത്‌നി ഡിംപിള്‍ യാദവ് തുടങ്ങി മിക്ക പാര്‍ട്ടികളുടെ നേതാക്കളും സസ്‌പെന്റ് ചെയ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.

പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറാന്‍ എങ്ങനെ അക്രമികള്‍ക്ക് സാധിച്ചു, എവിടെയാണ് വീഴ്ച സംഭവിച്ചത്, ബിജെപി എംപി പ്രതികള്‍ക്ക് പാസ് നല്‍കിയത് എന്തുകൊണ്ട്, പ്രതികളുടെ പ്രതിഷേധത്തിന് കാരണം എന്ത്... തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് പ്രതിപക്ഷ എംപിമാര്‍ ചോദിക്കുന്നത്. വിഷയത്തില്‍ അമിത് ഷാ പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സഭയില്‍ ഏത് തരത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായാലും സഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം പരിശോധിക്കുമെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നുമാണ് സ്പീക്കര്‍ ഓം ബിര്‍ള പറയുന്നത്. സെക്രട്ടേറിയറ്റിന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു. ഇതാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ശക്തമാകാന്‍ കാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ ഇതുവരെ സഭയില്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാന സ്ഥാപനം ആക്രമിക്കപ്പെട്ടിട്ട് എന്തുകൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതികരിക്കുന്നില്ല എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നു. സംഭവം ഗുരുതരമായതാണ് എന്ന് ദൈനിക് ജാഗരണ്‍ പത്രത്തിന് അഭിമുഖം നല്‍കവെ മോദി അഭിപ്രായപ്പെട്ടിരുന്നു.
പാര്‍ലമെന്റില്‍ നടന്ന സംഭവം അതീവ ഗൗരവമുള്ളതാണ്. വിഷയത്തില്‍ അന്വേഷണം വേണം. എന്നാല്‍ സംവാദ വിഷയമാക്കേണ്ടതില്ല- എന്നായിരുന്നു മോദിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രിയുടെ പ്രതികരണം തേടി പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചതോടെ ആദ്യം 14 അംഗങ്ങളെയാണ് സസ്‌പെന്റ് ചെയ്തത്. ഇതില്‍ ഒരംഗം രാജ്യസഭയില്‍ നിന്നായിരുന്നു.
തിങ്കളാഴ്ച രാജ്യസഭയില്‍ നിന്നും ലോക്‌സഭയില്‍ നിന്നുമായി 79 അംഗങ്ങളെ കൂടി സസ്‌പെന്റ് ചെയ്തു. ഇന്ന് 47 അംഗങ്ങളെയും സസ്‌പെന്റ് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുംവരെയാണ് സസ്‌പെന്‍ഷന്‍. അതുകൊണ്ടുതന്നെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് സഭാ നടപടികളില്‍ പൂര്‍ണമായും ഭാഗമാകാന്‍ സാധിക്കില്ല.












Click it and Unblock the Notifications