പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായി; നോട്ട് നിരോധിച്ച് ആറുമാസം; എടിഎമ്മില്‍ ഇപ്പോഴും പണമില്ല
ദില്ലി: നോട്ട് നിരോധിച്ച് അമ്പതു ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാകുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായി. കറന്‍സി നിരോധനത്തനുശേഷം ആറുമാസം കഴിഞ്ഞിട്ടും എടിഎമ്മുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂവാണ്. പല എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയുമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എടിഎമ്മുകളില്‍ യഥാസമയം വിതരണം ചെയ്യാനായി തങ്ങളുടെ കൈയ്യില്‍ പണമില്ലെന്നാണ് ബാങ്കുകളുടെ വിശദീകരണം. ഡിജിറ്റലൈസേഷന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് നോട്ടു വിതരണം ചെയ്യുന്നത് കുറച്ചതോടെയാണ് കറന്‍സി ക്ഷാമം രൂക്ഷമായത്. നവംബര്‍ 8നാണ് പ്രധാനമന്ത്രി 1,000, 500 രൂപ നോട്ടുകളുടെ കറന്‍സികള്‍ നിരോധിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

പിന്നീട്, കറന്‍സി ക്ഷാമം നേരിടാന്‍ 2,000, 500 രൂപ നോട്ടുകള്‍ വിപണിയിലിറക്കിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് മാസങ്ങളോളം നീളുകയായിരുന്നു. ഇതുവരെ വിതരണം ചെയ്യപ്പെട്ട കറന്‍സികളില്‍ ഭൂരിഭാഗവും ജനങ്ങള്‍ പുറത്തിറക്കാതെ വെച്ചതോടെ പണത്തിന്റെ കൈമാറ്റം കുറഞ്ഞു. ഇതും എടിഎമ്മില്‍ പണമില്ലാത്തതിന് കാരണമായതായാണ് റിപ്പോര്‍ട്ട്.
കറന്‍സി നിരോധനത്തിലൂടെ ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളുടെ വലിയൊരുഭാഗം ഇനിയും വിപണയില്‍ എത്തിയിട്ടില്ല. ഇത്രയും പണത്തിന്റെ കുറവ് വിപണിയില്‍ ഉണ്ടാകുന്നത് സാധാരണക്കാരെയാണ് കാര്യമായി ബാധിക്കുന്നത്. ഡിജിറ്റലൈസേഷനിലേക്ക് മാറാന്‍ കഴിയാത്ത സാധാരണക്കാര്‍ ഇപ്പോഴും എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്.












Click it and Unblock the Notifications