യുപിയില്‍ പോളിംഗ് 60 ശതമാനം, 2017നേക്കാള്‍ പോളിംഗ് കുറവ്, ഇവിഎമ്മിന് അടക്കം പ്രശ്‌നങ്ങള്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം പോളിംഗ്. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ യുപിയിലെ 58 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ 2017നെ അപേക്ഷിച്ച് പോളിംഗ് കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പ് 63.5 ശതമാനമായിരുന്നു പോളിംഗ്. അതേസമയം ചിലയിടങ്ങളില്‍ ഇവിഎം മെഷീനും വിവിപാറ്റും പണിമുടക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ടും തടസ്സപ്പെട്ടത്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ പ്രമുഖ നേതാക്കളുടെ വിധി കൂടിയാണ് തീരുമാനിക്കപ്പെട്ടത്. നോയിഡ എംഎല്‍എയും രാജ്‌നാഥ് സിംഗിന്റെ മകനുമായ പങ്കജ് സിംഗ്, ആഗ്ര റൂറലില്‍ നിന്ന് മത്സരിക്കുന്ന ബേബി റാണി മൗര്യ എന്നിവരും ജനവിധി തേടി കഴിഞ്ഞു. അതേസമയം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി തിരഞ്ഞെടുപ്പ് ദിനം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തിരഞ്ഞെടുപ്പ് റാലികള്‍ കാരണം വോട്ട് ചെയ്യാന്‍ എത്തില്ലെന്നായിരുന്നു ജയന്തിന്റെ പ്രതികരണം. ഇത് വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഇതോടെ വൈകീട്ട് താന്‍ മഥുരയില്‍ വോട്ട് ചെയ്യുമെന്ന് ജയന്ത് പറഞ്ഞു. എന്നാല്‍ ബിജ്‌നോറില്‍ നിന്ന് കൃത്യ സമയത്ത് അദ്ദേഹത്തിന് മടങ്ങാന്‍ സാധിച്ചില്ല.
ജയന്തിന് ഇത്തവണ വോട്ട് ചെയ്യാനായില്ല. അഖിലേഷ് യാദവിന് വേണ്ടിയായിരുന്നു ജയന്ത് പ്രചാരണത്തിന് പോയത്. എസ്പി-ആര്‍എല്‍ഡി സഖ്യമാണ് ഇത്തവണ യോഗിക്ക് കടുത്ത വെല്ലുവിളി. ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഒബിസി വോട്ടുബാങ്കിനെയാണ് അഖിലേഷ് നോട്ടമിട്ടത്. ഇത് നല്ല രീതിയില്‍ തന്നെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ബിജെപി ഭയപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ രണ്ട് പയ്യന്‍മാര്‍ എന്ന പരാര്‍ശത്തിനെതിരെയും അഖിലേഷ് തിരഞ്ഞെടുപ്പ് ദിനം രംഗത്ത് വന്നു. ഞാനും ജയന്തും കര്‍ഷകരുടെ മക്കളാണ്. കര്‍ഷകരുടെ അഭിമാനം സംരക്ഷിക്കുന്നവരെയാണ് അവര്‍ ഇത്തവണ സഹായിക്കുകയെന്നും അഖിലേഷ് പറഞ്ഞു.
കുടുംബം എന്ന് പറയുന്നത് യോഗിക്ക് മനസ്സിലാവില്ലെന്നും, അത് മനസ്സിലായിരുന്നെങ്കില്‍ ഗംഗയില്‍ ശവങ്ങള്‍ ഒഴുകി നടക്കില്ലായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. 2017ല്‍ പശ്ചിമ യുപിയിലെ 58 സീറ്റില്‍ 91 ശതമാനവും ബിജെപിയാണ് നേടിയത്. ഇത്തവണ കര്‍ഷക രോഷം ബിജെപിക്കെതിരെ ശക്തമാണ്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് തന്നെ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. യോഗി ആദിത്യനാഥിനും ബിജെപിക്കും ഒരുപോല നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്. ജയിച്ചാല്‍ യോഗിയുടെ നയമായിരുന്നു ശരിയെന്ന് ബിജെപിക്ക് ഉറപ്പിക്കാം. അതേസമയം ബിഎസ്പിയും കോണ്‍ഗ്രസും ഈ ഘട്ടത്തില്‍ സ്വാധീനം ചെലുത്തുന്നവരാണ്. ഇരുപത് സീറ്റിലെങ്കിലും ഇവര്‍ നിര്‍ണായകമാകും.












Click it and Unblock the Notifications