എല്ലാ പെണ്‍കുട്ടികള്‍ക്കും രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളിലും പ്രവേശനം, ലിംഗനീതി ഉറപ്പിച്ച് മോദി
ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പെണ്‍കുട്ടികള്‍ക്കും സൈനിക സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്ന തീരുമാനമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പല പെണ്‍കുട്ടികളും എനിക്ക് കത്തെഴുതുന്നുണ്ട്. സൈനിക സ്‌കൂളുകളിലെ പ്രവേശനത്തെ കുറിച്ചാണ് അവര്‍ ചോദിക്കുന്നത്. ഇന്ന് ഇത് എന്റെ സര്‍ക്കാര്‍ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. നിലവില്‍ രാജ്യത്ത് 33 സൈനിക സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടരവര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തുന്നത് മിസോറാമിലാണ് ആദ്യമായി പരീക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അന്ന് നടത്തിയ പരീക്ഷണം ഇപ്പോള്‍ രാജ്യ വ്യാപകമായി നടപ്പാക്കാന്‍ പോകുന്നത്. ഈ രാജ്യത്തിന്റെ പുത്രിമാര്‍ക്ക് ഇനി സൈനിക സ്‌കൂളുകളിലും പ്രവേശനം ലഭിക്കുമെന്നും മോദി പറഞ്ഞു. സൈനിക് സ്‌കൂള്‍ സൊസൈറ്റിക്കാണ് സൈനിക സ്‌കൂളുകളുടെ നടത്തിപ്പാവകാശം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് വരുന്നത്. വിദ്യാര്‍ത്ഥികളെ ചെറുപ്രായത്തില്‍ തന്നെ സൈന്യത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളാണ് ഈ സ്‌കൂളുകളില്‍ നടക്കുന്നത്. ചിട്ടയായ ജീവിതം മുതലുള്ള കാര്യങ്ങള്‍ സൈനിക സ്‌കൂളുകള്‍ വഴി ലഭിക്കും. 75ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം ഇന്ത്യയുടെ വിദൂര മേഖലയെ പോലും ബന്ധിപ്പിക്കുന്ന രീതിയില്‍ 75 വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ച്ചകള്‍ പിന്നിടുമ്പോഴാണ് ഈ 75 ട്രെയിനുകളും സജ്ജമാകുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികള്‍ തമ്മില്‍ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുമെന്ന് മോദി പറഞ്ഞു. ബംഗ്ലാദേശ്, മ്യാന്‍മര്‍, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളുമായി ഈ മേഖലയെ ബന്ധിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പ്രതിജ്ഞകളുമായി അടുത്ത 25 വര്‍ഷത്തേക്ക് യാതൊരു ഭിന്നതയുമില്ലാതെ നമ്മള്‍ മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം
നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം മറികടക്കണമെന്നും ഗ്രാമീണ മേഖലയിലെ വികസനം ശക്തമാക്കണമെന്നും മോദി പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ നിര്‍മിക്കുമെന്ന് ഉറപ്പാക്കും. എല്ലാ വീട്ടുകാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉറപ്പാക്കും. എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് കാര്‍ഡിന്റെ ആനുകൂല്യവും ലഭിക്കും. ഉജ്ജ്വല സ്‌കീം പ്രകാരം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭിക്കും. പിഎം ഗാഡി ശക്തി പദ്ധതി വൈകാതെ തന്നെ ആരംഭിക്കും. നൂറ് ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്ലാനാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാലര കോടി കുടുംബങ്ങളാണ് പൈപ്പ് വെള്ള കണക്ഷന്‍ ലഭിച്ചതെന്നും, ജല ജീവന്‍ മിഷനിലൂടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications