മോദിയുടെ പിറന്നാൾ ദിനത്തിൽ 8 ചീറ്റകൾ ഇന്ത്യയിൽ എത്തും; 'കടുവ മുഖ'വുമായി ഇന്ത്യയുടെ പ്രത്യേക വിമാനം നമീബിയയിൽ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ സപ്റ്റംബർ 17 ന് എട്ട് ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും. ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റകളെ എത്തിക്കുന്നത്. ഇതിനായി ബി747 ജെബോ ജെറ്റ് വിമാനം നമീബിയയിൽ എത്തി. 'കടുവയുടെ മുഖം' പെയിന്റ് ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു.
അഞ്ച് പെൺചീറ്റകളും മൂന്ന് ആൺ ചീറ്റകളുമായി വിൻഡ്‌ഹോക്കിലെ ഹോസിയ കുറ്റാക്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം ഇന്ത്യയിലേക്ക് പറക്കുക. ശനിയാഴ്ത മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി ചീറ്റപ്പുലികളെ തുറന്നുവിടും.

1952-ല്‍ ആണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2009 ലായിരുന്നു ചീറ്റകളെ രാജ്യത്തെ വിവിധ പാർക്കുകളിലേക്ക് എത്തിക്കാനുള്ള പ്രാരംഭ നടപടികൾ രാജ്യത്ത് തുടങ്ങുന്നത്. 2020 ൽ പ്രൊജക്ട് ചീറ്റയെന്ന ഇന്ത്യൻ പദ്ധതിക്ക് സുപ്രീം കോടതിയും അനുമതി നൽകിയിരുന്നു.അതേ വർഷം ജൂലൈയിൽ ഇന്ത്യയും റിപ്പബ്ലിക് ഓഫ് നമീബിയയും ചീറ്റപ്പുലികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രത്യേക ധാരണ പത്രവും ഒപ്പുവെച്ചിരന്നു.

ഇതാദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കൻ രാജ്യത്ത് നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.കുനോ നാഷ്ണൽ പാർക്കിൽ ചീറ്റകളെ വളർത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പരീശീലനം നൽകിയിട്ടുണ്ട്. ചീറ്റകളെ പുനഃരധിവസിപ്പിക്കുന്നതിനായി പര്യാപ്തമായ ദേശീയ ഉദ്യാനത്തിനായി പ്രത്യേക സർവ്വേകൾ നടത്തിയിരുന്നു. ഇതിലൂടെയാണ് കുനൊ നാഷ്ണൽ പാർക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ചീറ്റകൾക്ക് ജീവിക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥ, ഇരകളെ കണ്ടെത്തുന്നതിനും വേട്ടയാടുന്നതിനുമുള്ള സൗകര്യങ്ങൾ കൂടാതെ ആവശ്യമായ ജലസ്രോതസുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു കുനോ ഉചിതമെന്ന് കണ്ടെത്തിയത്. പത്ത് വർഷം കൊണ്ടാണ് പാർക്കിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത്. പ്രദേശത്തെ ഗ്രാമങ്ങളെ മറ്റൊരു പ്രദേശത്ത് പുനഃരധിവസിപ്പിച്ച് കൊണ്ടായിരുന്നു ആദ്യ നടപടികൾ. 184 ഓളം കുടുംബങ്ങളെയാണ് ഈ മേഖലയിൽ നിന്നും ഒഴിപ്പിച്ചത്.

30 ദിവസത്തെ ക്വാറന്റീന് ശേഷമായിരിക്കും ഇവയെ തുറന്ന് വിടുക. നാഷണല്‍ പാര്‍ക്കിന്റെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക മേഖലയാണ് ചീറ്റകൾക്കായി സജ്ജമാക്കിയിരിക്കുന്നത്. പെൺ ചീറ്റകളുടെ പ്രായം രണ്ടിനും അഞ്ചിനും ഇടയിലാണ്. ആൺ ചീറ്റകളുടെ പ്രായം 4.5-5.5 വയസിനിടയിലും. ചീറ്റകൾക്ക് പ്രത്യേക വാക്സിനേഷൻ നൽകി സാറ്റലൈറ്റ് കോളർ ഘടിപ്പിച്ചാണ് നമീബിയയിലെ സി സി എഫ് കേന്ദ്രത്തിൽ ഐസൊലേഷനിൽ പാർപ്പിച്ചിരുന്നത്. ആരോഗ്യം, വന്യത, വേട്ടയാടാനുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് എട്ട് ചീറ്റകളെ തിരഞ്ഞെടുത്തത്. 5 വർഷം കൊണ്ട് 50 കടുവകളെ കൊണ്ടുവരികയാണ് ലക്ഷ്യം.












Click it and Unblock the Notifications