ബ്രിജ് ഭൂഷണ്‍ കേസില്‍ വമ്പന്‍ ട്വിസ്റ്റ്; മകളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പിതാവ്, മൊഴി മാറ്റി
ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക ആരോപണ കേസില്‍ വന്‍ വഴിത്തിരിവ്. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ 17 വയസുകാരിയുടെ പിതാവ് മൊഴി മാറ്റിയതായി റിപ്പോർട്ട്. റെസ്ലിംഗ് ഫെഡറേഷന്‍ തന്റെ മകളോടു വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണ് ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചതെന്ന് പിതാവ് പറഞ്ഞു.

''എന്റെ മകളോട് ബ്രിജ് ഭൂഷണ്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. റെസ്ലിംഗ് ഫെഡറേഷന്‍ എന്റെ മകളോട് വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന ആരോപണം ഉന്നയിച്ചത്. സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഞങ്ങള്‍ മൊഴി തിരുത്തിയിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യ സമയത്ത് സഹായിച്ചില്ല, ആ സമയത്ത് ഞാന്‍ ഒറ്റക്കായിരുന്നു''; പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
''കേസിനെ കുറിച്ച് വാര്‍ത്ത വന്നതോടെ കുടംബം ആശങ്കയിലാണ് കഴിഞ്ഞിരുന്നത്. ജൂണ്‍ അഞ്ചിന് ബ്രിജ് ഭൂഷണിന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ ഞങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ റെസ്ലിംഗ് ഫെഡറേഷന്‍ വിവേചനം കാണിച്ചെന്ന ആരോപണം ഞങ്ങള്‍ പിന്‍വലിട്ടില്ല. മൊഴി മാറ്റിയതിന് പിന്നില്‍ ഭയമോ സമ്മര്‍ദ്ദമോ ഒന്നും തന്നെ ഇല്ല, ഞങ്ങള്‍ കേസ് പിന്‍വലിച്ചിട്ടില്ല, മൊഴി മാറ്റുക മാത്രമാണ് ചെയ്തത്''; പിതാവ് പറഞ്ഞു.
അതേസമയം, 2022ല്‍ താരത്തിന് 17 വയസുള്ളപ്പോള്‍ ഉണ്ടായ അനുഭവമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ചിത്രം എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ പെൺകുട്ടിയെ ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും ശല്യം ചെയ്യരുതെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും എഫ് ഐ ആറില്‍ പറയുന്നു.
അതിനിടെ ഗുസ്തി താരങ്ങള്‍ തങ്ങളുടെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നടത്തിവരുന്ന സമരം ജൂണ്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗുസ്തി താരം ബജ്‌റംഗ് പുനിയ അറിയിച്ചു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടി. അന്വേഷണം 15നകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചു. അതുവരെ സമരം ചെയ്യില്ലെന്നും ബജ്‌റംഗ് പുനിയ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചത്.












Click it and Unblock the Notifications