കോൺഗ്രസിന് തലവേദനയായി ആംആദ്മി; ഗുജറാത്തിലും ഹിമാചലിലും മത്സരിച്ചേക്കും
ന്യൂഡൽഹി: കോൺഗ്രസിന് പുതിയ തലവേദനയായി ആംആദ്മി പാർട്ടി. അടുത്ത തിരഞ്ഞെടുപ്പിൽ ഗുജറാത്തിലും ഹിമാചലിലും ആപ്പ് മത്സരിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നത് കോൺ ഗ്രസിന് തീരാ തലവേദന സമ്മാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിൽ ഭരണം പിടിക്കാൻ സാധിച്ചതാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം ശക്തമാക്കാൻ ആംആദ്മിക്ക് പ്രചോദനം ആയത്. ഡൽഹിക്ക് പുറമെ ആപ്പ് അധികാരം സ്ഥാപിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.
നിലവിൽ ബിജെപിയുടെ ഉരുക്കുകോട്ടയായ ഗുജറാത്തിൽ കോൺ ഗ്രസാണ് പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുന്നത്. ഈ സാഹചര്യത്തിൽ ആപ്പിന്റെ കടന്നു കയറ്റം കോൺ ഗ്രസിന് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അടുത്തിടെ കോൺ ഗ്രസിൽ നടത്തിയ പുനസംഘടനയിൽ ചിലർ തൃപ്തരല്ല എന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതൃപ്തരായ അഞ്ചോളം എംഎൽഎമാരും ചില നേതാക്കളും കോൺ ഗ്രസ് വിട്ടേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഗുജറാത്തിലെയും ഹിമാചലിലേയും തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാമെന്നും ചില കോൺ ഗ്രസ് നേതാക്കൾ പറഞ്ഞു.

"ഗാന്ധി കോട്ടകളായ റായ്ബറേലിയിലും അമേഠിയിലും ഒരു വിജയം പോലും ഉന്നത നേതൃത്വത്തിന് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ അവരിൽ നിന്ന് നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത്?" ഒരു മുതിർന്ന ഗുജറാത്ത് കോൺ ഗ്രസ് നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ കേന്ദ്ര നേതാക്കളെ ഇറക്കുന്നതിന് പകരം. പ്രദേശിക രാഷ്ട്രീയം കൂടുതൽ അടുത്തറിയാവുന്ന സംസ്ഥാന ഘടകത്തിന് തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ പാർട്ടി അനുവാദം നൽകണമെന്ന് ഗുജറാത്തിലെ ഒരു മുൻ എംഎൽഎയും പറഞ്ഞു. "2017ൽ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ചുമതല കൃഷ്ണ അല്ലവരുവിന് ആയിരുന്നു, തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ പഞ്ചാബിലേക്ക് അയച്ചു. അവിടത്തെ ഫലം നോക്കുക." അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ അർക്കി, ജുബ്ബാൽ-കോട്ഖായ്, ഫത്തേപൂർ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലും വിജയിക്കാൻ സാധിച്ചത് സംസ്ഥാനത്തെ കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. എന്നാൽ വിഭാഗീയത നിറഞ്ഞ സംസ്ഥാന ഘടകം വരുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം രണ്ട് സംസ്ഥാനങ്ങളിലും ഏപ്രിൽ മുതൽ തിരംഗ യാത്ര ആരംഭിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എഎപി. നിലവിലെ അവസ്ഥയിൽ ആംആദ്മി മികച്ച ആത്മവിശ്വാസത്തിലാണ്.












Click it and Unblock the Notifications